സ്കലോണി ആദ്യം അര്‍ജന്‍റീനയെ തോല്‍ക്കാതിരിക്കാന്‍ പഠിപ്പിച്ചു, ഒടുവില്‍ ജയിക്കാനും
മെസ്സിയുടെ മുന്നിലും പിന്നിലും എന്തിനുംപോന്നവരെ തിരഞ്ഞു. അർജൻറീനയിലെ പ്രതിഭകളെല്ലാം ദേശീയ ടീമിൽ കയറിയിറങ്ങി. കാൽപ്പന്തിലെ കവിതയും കഥയും ആടയാഭരണങ്ങളും സ്കലോണി അഴിച്ചുമാറ്റി. ആദ്യം തോൽക്കാതിരിക്കാൻ പഠിപ്പിച്ചു. പിന്നെ ജയിക്കാനും. എതിരാളികളെയറിഞ്ഞും ലഭ്യമായ താരങ്ങളെയറിഞ്ഞും തന്ത്രമൊരുക്കി.
ദോഹ: ലിയോണൽ സ്കലോണിയെന്ന പരിശീലകന്‍റെ തന്ത്രങ്ങളാണ് ലോകകപ്പിൽ കിരീടത്തിനായുള്ള അർജൻറീനയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് നാൽപ്പത്തിനാലുകാരനായ സ്കലോണി. 1986ൽ ഡിഗോ മറഡോണ ലോകകപ്പുയർത്തുമ്പോൾ എട്ടുവയസ്സുകാരനായിരുന്നു ലിയോണൽ സ്കലോണി. 2018ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താൽക്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്കലോണിയുടെ പ്രായം നാൽപത്. പരിശീലകനായി കാര്യമായനേട്ടങ്ങളൊന്നും എടുത്ത് വയ്ക്കാനില്ലായിരുന്ന സ്കലോണിയെ ട്രാഫിക് നിയന്ത്രിക്കാൻ പോലും കഴിവില്ലാത്തവനെന്ന് അധിക്ഷേപിച്ചത് സാക്ഷാൽ ഡിഗോ മറഡോണ.
ഡീഗോയെപ്പോലെ സംശയാലുക്കൾ നിരവധിയായിരുന്നു. റഷ്യൻ ലോകകപ്പിലെ കനപ്പെട്ട തോൽവിയിൽ ശൂന്യതയിലേക്ക് വീണ മെസ്സിയുടെ മൊബൈൽ ഫോണിലേക്ക് ഒരുസന്ദേശം. ഹായ് ലിയോ, ഞാൻ സ്കലോണി. ഇപ്പോൾ പാബ്ലോ ഐമറിനൊപ്പമുണ്ട്. ഞങ്ങൾക്കൊന്ന് സംസാരിക്കണം. മെസ്സി സമ്മതം മൂളി. ആ സമ്മതമാണിപ്പോൾ ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയെ വിശ്വജേതാവാക്കിയത്.
വിജയനിമിഷത്തില്‍ അമ്മക്ക് മുമ്പില്‍ കണ്ണു നിറഞ്ഞ്, അഗ്യൂറോക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് മെസി-വീഡിയോ
ബാല്യകൌമാരകാലത്ത് മെസ്സിയുടെ റോൾ മോഡലും ഹീറോയുമായിരുന്നു ഐമർ. ആ ഐയ്മറെ മുന്നിൽ നിർത്തിയായിരുന്നു സ്കലോണിയുടെ ആദ്യകരുനീക്കം. ഐമറിലൂടെ മെസ്സിയെ ടീമിൽ തുടരാൻ സമ്മതിപ്പിച്ചു. ഐമറിനൊപ്പം വാൾട്ടർ സാമുവേലിനെയും റോബർട്ടോ അയാളയെയും സഹപരിശീലകരായി നിയമിച്ചു. മത്സരപരിചയം ഏറെയുണ്ടെങ്കിലും കോച്ചിംഗിൽ ആർക്കും മേൽവിലാസമുണ്ടായിരുന്നില്ല. ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് നാൽവർ സംഘം പണിതുടങ്ങി. എന്നും ആശങ്കയായിരുന്ന ഗോൾമുഖത്തേക്ക് എമിലിയാനോ മാർട്ടിനസിനെ കണ്ടെത്തി. അയാളയുടേയും വാൾട്ടറിന്‍റെയും മേൽനോട്ടത്തിൽ പ്രതിരോധനിരയെ അഴിച്ചും മുറുക്കിയും മാറ്റിക്കെട്ടിയും ഉടച്ചുവാർത്തു.
മെസ്സിയുടെ മുന്നിലും പിന്നിലും എന്തിനുംപോന്നവരെ തിരഞ്ഞു. അർജൻറീനയിലെ പ്രതിഭകളെല്ലാം ദേശീയ ടീമിൽ കയറിയിറങ്ങി. കാൽപ്പന്തിലെ കവിതയും കഥയും ആടയാഭരണങ്ങളും സ്കലോണി അഴിച്ചുമാറ്റി. ആദ്യം തോൽക്കാതിരിക്കാൻ പഠിപ്പിച്ചു. പിന്നെ ജയിക്കാനും. എതിരാളികളെയറിഞ്ഞും ലഭ്യമായ താരങ്ങളെയറിഞ്ഞും തന്ത്രമൊരുക്കി. ആദ്യം ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരെ വീഴ്ത്തി മാരക്കാനയിൽ കോപ്പ അമേരിക്ക. വെംബ്ലിയിൽ യൂറോപ്യൻ ചാമ്പ്യൻമാരെ തോൽപിച്ച് ഫൈനലിസിമ. ഒടുവിൽ ലൂസൈലിൽ ലോകചാമ്പ്യൻമാരുടെ കൊമ്പൊടിച്ച് മെസ്സിയുടേയും അർജൻറീനയുടേയും മോഹസാഫല്യം.
ലൂസൈലില്‍ മോഹകപ്പ് അതിന്‍റെ നാഥനെ കണ്ടു, ഇതിഹാസ പൂര്‍ണത; അത് അറബിക്കഥയെ പോലും വെല്ലുന്ന വിസ്മയം
സൌമ്യൻ, ശാന്തൻ. വെല്ലുവിളികളോ വീരവാദങ്ങളോ ഇല്ല. ഹവിയർ സനേറ്റിയുടെ നിഴിലിൽ ആയിപ്പോയിനാൽ അർജൻറിനയ്ക്കുവേണ്ടി ഏഴ് കളിയിൽ മാത്രംബൂട്ടുകെട്ടാൻ ഭാഗ്യംകിട്ടിയതാരം.പരിശീലകനായെത്തിയപ്പോൾ അൻപത്തിയേഴ് കളിയിൽ 40 ജയം. 12 സമനില. അഞ്ച് തോൽവി. 2006 ലോകകപ്പിൽ മെസ്സി അരങ്ങേറ്റം കുറിക്കുമ്പോൾ ടീമിലെ സഹതാരങ്ങളായിരുന്നു സ്കലോണിയും ഐമറും. പതിനാറ് വർഷത്തിനിപ്പുറും മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ച് അർജൻറീന ലോകകത്തിൻറെ നെറുകയിലെത്തുമ്പോൾ മുപ്പത്തിയഞ്ചുകാരനായി മെസ്സിയും നാൽപ്പത്തിനാലുകാരനായി സ്കലോണിയും അമരത്തുണ്ട്.