കരിയറിൽ മത്സരശേഷം മെസി ജേഴ്സി ചോദിച്ചുവാങ്ങിയത് ഒരേയൊരു റയൽ താരത്തോട് മാത്രം; അത് പക്ഷെ റൊണാൾഡൊയല്ല
മത്സരങ്ങള്‍ക്കുശേഷം എതിര്‍ താരങ്ങളുമായി ജേഴ്സി കൈമാറ്റത്തിന് മെസി മുന്‍കൈയെടുക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ജേഴ്സി കൈമാറ്റത്തിനായി തനിക്ക് അരികിലേക്ക് വരുന്ന എതിര്‍ ടീം താരത്തെ മെസി നിരാശരാക്കാറുമില്ല
മയാമി: പി എസ് ജിയില്‍ നിന്ന് ഇന്‍റര്‍ മയാമിയിലെത്തിയ ലിയോണല്‍ മെസി അമേരിക്കയില്‍ തരംഗമാവുമ്പോള്‍ കൂടെ നിന്ന് സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം എതിര്‍ താരങ്ങള്‍ പോലും മത്സരിക്കുകയാണ്. മെസിയെത്തിയശേഷം തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഇന്‍റര്‍ മയാമി കഴിഞ്ഞ ആഴ്ച ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പില്‍ കിരീടം നേടി. ഇന്നലെ യുഎസ് ഓപ്പണ്‍ കപ്പില്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റി എഫ് സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഫൈനലിലെത്തുകയും ചെയ്തു. മയാമിയുടെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസിയായിരുന്നു.
മത്സരങ്ങള്‍ക്കുശേഷം എതിര്‍ താരങ്ങളുമായി ജേഴ്സി കൈമാറ്റത്തിന് മെസി മുന്‍കൈയെടുക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ജേഴ്സി കൈമാറ്റത്തിനായി തനിക്ക് അരികിലേക്ക് വരുന്ന എതിര്‍ ടീം താരത്തെ മെസി ഒരിക്കലും നിരാശരാക്കാറുമില്ല. കഴിഞ്ഞ ആഴ്ച ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെ എഫ് സിയെ തോല്‍പ്പിച്ച ശേഷം തനിക്ക് അരികിലെത്തിയ നാഷ്‌വില്ലെ താരം ഡാക്സ് മക്കാര്‍ത്തിയുമായും മെസി ഇത്തരത്തില്‍ ജേഴ്സി പരസ്പരം കൈമാറിയിരുന്നു. ഈ ചിത്രം മക്കാര്‍ത്തി തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
താന്‍ ആരോടും അങ്ങോട്ട് ചെന്ന് ജേഴ്സി കൈമാറാന്‍ ആവശ്യപ്പെടാറില്ലെന്നും ആരെയും അതിന് നിര്‍ബന്ധിക്കാറില്ലെന്നും മെസി മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എതിര്‍ ടീം താരം ജേഴ്സി കൈമാറാന്‍ തനിക്ക് അടുത്തേക്ക് വന്നാല്‍ അതിന് തയാറാവാറുണ്ടെന്നും മെസി 2019ല്‍ പറഞ്ഞിരുന്നു. കരിയറില്‍ മെസി ഒരു തവണ മാത്രമാണ് എതിര്‍ ടീം താരത്തിന്‍റെ അടുത്ത് ചെന്ന് ജേഴ്സി കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ബാഴ്സലോണക്കായി കളിക്കുന്ന കാലത്തായിരുന്നു അത്. ബാഴ്സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനൊടുവിലാണ് മെസി റയല്‍ താരമായിരുന്ന സിനദിന്‍ സിദാനോട് ജേഴ്സി കൈമറാമോ എന്ന് അഭ്യര്‍ത്ഥിച്ചത്.
മത്സരശേഷം ഞാന്‍ ആരോടും ജേഴ്സി ആവശ്യപ്പെടാറില്ല. പരസ്പരം കൈമാറാറുണ്ട്. പക്ഷെ അതിന് ആരെയും നിര്‍ബന്ധിക്കാറുമില്ല. ഒരിക്കല്‍ മാത്രം ഒരാളോട് ഞാന് അങ്ങോട്ട് ചെയ്യ് ജേഴ്സി കൈമാറാമോ എന്ന് ആവശ്യപ്പെട്ടു. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനോടായിരുന്നു അതെന്ന് മെസി മുമ്പ് ടിവൈസി സ്പോര്‍ട്സിനോട് പറഞ്ഞിരുന്നു.എതിര്‍ ടീമില്‍ അര്‍ജന്‍റീന താരമുണ്ടെങ്കില്‍ സാധാരണഗതിയില്‍ ആ താരവുമായാണ് ഞാന്‍ ജേഴ്സി കൈമാറാറുള്ളത്. അല്ലാത്തപക്ഷം ആരെങ്കിലും എന്നോട് ആവശ്യപ്പെടാത്ത പക്ഷെ താന്‍ അങ്ങോട്ട് ചെന്ന് ആരോടും ജേഴ്സി ആവശ്യപ്പെടാറില്ലെന്നും മെസി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക