കാര്യങ്ങള്‍ക്ക് തീരുമാനമായി, മെസി പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം; ഇനിയെങ്ങോട്ട്?
മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്
പാരിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി ഈ സീസണിനൊടുവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിടുമെന്ന് ഉറപ്പായി. പിഎസ്‌ജി പരിശീലകന്‍ ക്രിസ്റ്റഫീ ഗാള്‍ട്ടിയര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രമുഖ ഫുട്ബോള്‍ ലേഖകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു. 'ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ അഭിമാനം എനിക്കുണ്ട്. പിഎസ്‌ജിയുടെ ഹോം മൈതാനത്ത് മെസിയുടെ അവസാന മത്സരമാകും ക്ലെര്‍മന്‍ ഫുട്ടിനെതിരെ' എന്നും പരിശീലകന്‍ പറഞ്ഞു. ജൂണ്‍ നാല് ഞായറാഴ്‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഈ മത്സരം.
മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. മെസിക്ക് എഫ്‌സി ബാഴ്‌സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 35 വയസ് ആയെങ്കിലും ലോകകപ്പിലെ മെസിയുടെ മിന്നും പ്രകടനം ലോകം കണ്ടതാണ്. ബാഴ്സയിൽ ഏത് പൊസിഷനിലും കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു. എന്നാല്‍ സ്‌പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്‍റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ് എന്നും സാവി കൂട്ടിച്ചേര്‍ത്തു.
ലിയോണല്‍ മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ നല്‍കിയ പദ്ധതി തിങ്കളാഴ്ച്ചയോടെ ലാ ലിഗ അംഗീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗ് വിടുമെന്ന് ഉറപ്പായതോടെ മെസിയുടെ ട്രാന്‍സ്‌ഫറിന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനം വരുമെന്ന് ഉറപ്പായി. മെസിയെ തിരികെ എത്തിക്കുമ്പോഴുള്ള സാമ്പത്തിക പ്രശ്‌നം മറികടക്കാന്‍ താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ നിര്‍ബന്ധിതരായേക്കും.
Read more: ബാഴ്‌സയിലേക്കുള്ള മെസിയുടെ തിരിച്ചുവരവിന് സാധ്യതയേറുന്നു! തിങ്കളാഴ്ച്ചയോടെ എല്ലാം തീരുമാനമാവും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം