അങ്ങ് അർജന്റീനയിൽ മാത്രമല്ല, ഇങ്ങ് മലപ്പുറത്തെ അരീക്കോടുമുണ്ട് മെസി സ്ട്രീറ്റ്!
അരീക്കോട് ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം അഞ്ചാം വാർഡിലെ പഞ്ചായത്ത് റോഡിന് മുമ്പിലാണ് മെസ്സി സ്ട്രീറ്റ് എന്ന ബോർഡ് ഇടംപിടിച്ചത്.
മലപ്പുറം: ലോക ഫുട്‌ബോൾ കിരീടം ചൂടിയ അർജൻറീന ടീമിന്റെ ക്യാപ്റ്റൻ ലയണൽ മെസ്സിക്കുള്ള ആദരസൂചകമായി രാജ്യത്തിന്റെ തലസ്ഥാനമായ ബ്യൂനസ് ഐറിസിന് മെസ്സി സ്ട്രീറ്റ് എന്ന് പേര് നൽകിയിരുന്നു. സംഭവം അനൗദ്യോഗികമായി ആരാധകർ ഒപ്പിച്ച പരിപാടിയാണെങ്കിലും അത് വലിയ വാർത്തയായിരുന്നു ആ സമയത്ത്. എന്നാൽ അർജന്റീനയിൽ മാത്രമല്ല, കേരളത്തിലുമുണ്ട് മെസ്സിയുടെ പേരിലൊരു സ്ട്രീറ്റ്. മലപ്പുറത്ത് ഫുട്ബോളിന്റെ ഈറ്റില്ലമായി അരീക്കോട്ടാണ് മെസ്സിയുടെ പേരിലെ ഈ തെരുവ്.
ഇതും അർജൻറീന ആരാധകർ ഒപ്പിച്ച പണിയാണ്. അരീക്കോട് ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം അഞ്ചാം വാർഡിലെ പഞ്ചായത്ത് റോഡിന് മുമ്പിലാണ് മെസ്സി സ്ട്രീറ്റ് എന്ന ബോർഡ് ഇടംപിടിച്ചത്. ഇംഗ്ലീഷിന് പുറമെ സ്പാനിഷിലും മെസ്സി സ്ട്രീറ്റ് എന്ന് എഴുതിവെച്ചിട്ടുണ്ട്. കാഞ്ഞിരമാല ഷമീമും നാട്ടിലെ അർജൻറീന ആരാധകരും ചേർന്ന് സ്ഥാപിച്ചതാണ് ഈ ബോർഡ്. ഖത്തറിന്റെ മണ്ണിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജൻറീനയുടെ ലയണൽ മെസ്സി ലോക കിരീടം ചൂടിയതിന്റെ ആദരസൂചകമായാണ് ബോർഡ് സ്ഥാപിച്ചതെന്ന് ആരാധകർ പറയുന്നു. അരീക്കോട് കൊട്ടപ്പുറം പ്രദേശത്താണ് ഫുട്‌ബോൾ ആരാധകർക്കെല്ലാം കൗതുകമായ ബോർഡ് ഉള്ളത്.
മെസി ബാഴ്സയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കണമെന്ന് സഹോദരന്‍