'ഇനിയെന്തെങ്കിലും പറയാനുണ്ടോ',വാന്‍ഗാളിന്‍റ വായടപ്പിച്ച് മെസി; തുറിച്ചുനോക്കിയ ഡച്ച് താരത്തിനോടും കട്ട കലിപ്പ്
മത്സരശേഷം അഭിമുഖം നല്‍കുന്നതിനിടെയും മെസി പതിവ് രീതികള്‍ വിട്ട് കോപാകുലനായി. പകരക്കാരനായി ഇറങ്ങിയത് മുതൽ അര്‍ജന്‍റീനന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വെഗ്ഹോഴ്സ്റ്റിനെ മികസ്ഡ് സോണിൽ കണ്ടതോടെ മെസിയുടെ രോഷം അണപൊട്ടി.
ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് പോരാട്ടത്തില്‍ ജയിച്ചു കയറിയശേഷം നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ഗാളിന് അടുത്തെത്തി മെസിയുടെ രോഷപ്രകടനം. മത്സരത്തിന് മുമ്പ് അര്‍ജന്‍റീനയയെും മെസിയയെും പൂട്ടാനുള്ള തന്ത്രങ്ങള്‍ തന്‍റെ കൈയിലുണ്ടെന്നും കാലില്‍ പന്ത് കിട്ടിയില്ലെങ്കില്‍ മെസിക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും പറഞ്ഞ വാന്‍ഗാളിന്‍റെ വായടപ്പിക്കുന്നതായിരുന്നു മെസിയുടെ മറുപടി.
ഇരു കൈകളും ചെവിയില്‍ ചേര്‍ത്തു നിര്‍ത്തി ആദ്യം ഡച്ച് ഡഗ് ഔട്ടിന് മുന്നില്‍ നിന്ന മെസിയെ കണ്ട വാന്‍ഗാള്‍ ആദ്യമൊന്ന് പകച്ചു. അവിടംകൊണ്ടും നിര്‍ത്താതെ മെസി വാന്‍ഗളിന്‍റെ അടുത്തെത്തി എന്തോ പറഞ്ഞു. പതിവില്ലാത്ത മെസിയുടെ രോഷപ്രകടനത്തില്‍ വാന്‍ഗാളും ഒന്ന് അമ്പരന്നു. സഹപരിശീലകന്‍ എഡ്ഗാര്‍ ഡേവിഡ്സിനോടും മെസി എന്തോ പറയുന്നത് വീഡിയോയില്‍ കാണാം.
അയാള്‍ ശ്രമിച്ചത് നെതര്‍ലന്‍ഡ്സിനെ ജയിപ്പിക്കാന്‍; റഫറിക്കെതിരെ തുറന്നടിച്ച് എമിലിയാനോ മാര്‍ട്ടിനെസ്
മത്സരശേഷം അഭിമുഖം നല്‍കുന്നതിനിടെയും മെസി പതിവ് രീതികള്‍ വിട്ട് കോപാകുലനായി. പകരക്കാരനായി ഇറങ്ങിയത് മുതൽ അര്‍ജന്‍റീനന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വെഗ്ഹോഴ്സ്റ്റിനെ മികസ്ഡ് സോണിൽ കണ്ടതോടെ മെസിയുടെ രോഷം അണപൊട്ടി. അഭിമഖത്തിനിടെ തന്നെ തുറിച്ച് നോക്കി നിന്ന വെഗ്ഹോഴ്സ്റ്റിനോട്, എന്നെ നോക്കി നില്‍ക്കാതെ പോയി നിന്‍റെ പണി നോക്ക് വിഡ്ഢി എന്നായിരുന്നു മെസിയുടെ കമന്‍റ്.
അഭിമുഖത്തില്‍ ഡച്ച് പരിശീലകനെതിരെയും കളിക്കാര്‍ക്കെതിരെയും മെസി തുറന്നടിച്ചു. ചില ഡച്ച് കളിക്കാരും കോച്ചും മത്സരത്തിന് മുമ്പും മത്സരത്തിനിടെയും അനാവശ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്ന് മെസി പറഞ്ഞു.സുന്ദരമായ ഫുട്ബോള്‍ കളിക്കുമെന്ന് പറഞ്ഞ് വീമ്പടിച്ച വാന്‍ഗാള്‍ ഉയരം കൂടിയ കളിക്കാരെ ഇറക്കി ബോക്സിലേക്ക് ലോംഗ് പാസ് നല്‍കി ഗോളടിക്കാനാണ് ശ്രമിച്ചത്. ഞങ്ങള്‍ ജയം അര്‍ഹിച്ചിരുന്നു. അതുതന്നെയാണ് സംഭവിച്ചതെന്നും മെസി പറഞ്ഞു.
ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ആകെ 19 മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. നിശ്ചിത സമയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ മത്സരം ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിലേക്കും എത്തി. ലിയോണല്‍ മെസിക്കും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. നേരത്തെ മെസി പന്ത് കൈകൊണ്ട് തടുത്തിട്ടത്തിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കാതിരുന്നതിനെ ഡച്ച് കളിക്കാരും ചോദ്യം ചെയ്തു.