പാരീസിലേക്ക് പറക്കാന്‍ മെസി? പിഎസ്‌ജി അഭ്യൂഹങ്ങള്‍ക്ക് തീപ്പിടിപ്പിച്ച് പുതിയ റിപ്പോര്‍ട്ട്
ആരാധകര്‍ കാത്തിരുന്ന മെസി-നെയ്‌മര്‍ കൂടിച്ചേരലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പിഎസ്ജിയിലേക്ക് പോകാൻ മെസി സന്നദ്ധനാണെന്നാണ് സൂചന.
പാരിസ്: സൂപ്പർ താരം ലിയോണൽ മെസി പിഎസ്ജിയിലേക്കെന്ന് ഏതാണ്ട് ഉറപ്പായതായി റിപ്പോര്‍ട്ടുകള്‍. ക്ലബുമായുള്ള കരാർ പരിശോധിച്ച ശേഷം മെസിയും പിതാവും പാരീസിലേക്ക് പോകുമെന്ന് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഇതോടെ നെയ്‌മറും മെസിയും വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
സാന്‍റോസിൽ നിന്ന് 2013ൽ ബാഴ്‌സലോണയിലെത്തിയ നാളുകൾ മുതൽ നെയ്‌മർ, മെസിയുടെ അടുത്ത സുഹൃത്താണ്. ഒരിക്കൽ കൂടി നെയ്‌മറിനൊപ്പം മെസി ചേരുമെന്ന സൂചനയാണ് വരുന്നത്. പിഎസ്ജി ഔദ്യോഗികമായി കരാർ മെസിയുടെ പിതാവും ഏജന്‍റുമായ ജോർഗെക്ക് കൈമാറിയെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നു. അഭിഭാഷകർക്കൊപ്പം കരാര്‍ പരിശോധിച്ച ശേഷം മെസി പാരീസിലേക്ക് പോയേക്കുമെന്നും മെഡിക്കല്‍ പൂര്‍ത്തിയാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
പിഎസ്ജിയിലേക്ക് പോകാൻ താരം സന്നദ്ധനാണെന്നാണ് സൂചന. കരുത്തരെ അണിനിരത്തുന്ന പിഎസ്ജിയിലേക്ക് മെസി കൂടിയെത്തിയാൽ അതൊരു അത്ഭുത സംഘമാകും. ബാഴ്‌സയിലെ മെസി, നെയ്‌മർ, സുവാരസ് സഖ്യം പോലെ മെസി, നെയ്‌മർ, എംബപ്പെ ത്രയം പിഎസ്‌ജി ഭരിക്കും. റാമോസ്, ഡി മരിയ, ഇക്കാർഡി, വെറാറ്റി, വൈനാൾഡം, മാർക്വീഞ്ഞോസ്, ഡോണറുമ എന്നിങ്ങനെയുള്ള താരനിരയില്‍ നിന്ന് ആരെയൊക്കെയിറക്കം എന്ന് പരിശീലകൻ പൊച്ചെട്ടീനോയ്‌ക്ക് തലപുകയ്‌ക്കേണ്ടിവരും.
ബാഴ്‌സലോണ സീനിയർ ടീമിൽ കളിച്ച കാലമത്രയും ഏറ്റവും വലിയ എതിരാളിയായി കണ്ട സെർജിയോ റാമോസിനൊപ്പം മെസി പന്ത് തട്ടുന്നത് കാണാനുള്ള കൗതുകവും വേറെ.
കണ്ണീരണിഞ്ഞ് മെസി
2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്‌പാനിഷ് ലീഗിലും ബാഴ്‌സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍ 30 ഗോളോടെ മെസി തന്നെയായിരുന്നു ടോപ് സ്‌കോറര്‍. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.
വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരയുന്ന ലിയോണല്‍ മെസിയെയാണ് ഫുട്ബോള്‍ ലോകം ഇന്നലെ കണ്ടത്. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു. ബാഴ്‌സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും.
'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona