യൂറോപ്പിലെ ടീം ഓഫ് ദി സീസണ്‍: ആദ്യ ഇലവനില്‍ മെസിയും സ്ഥാനമുറപ്പിച്ചു! ഹാലന്‍ഡ് പുറത്ത്
സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കിയാണ് പതിനൊന്ന് താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. 8.2 പോയിന്റൂമായി റേറ്റിംഗില്‍ ഒന്നാമത് എത്തിയതും മെസി തന്നെ.
സൂറിച്ച്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ടീം ഓഫ് ദി സീസണില്‍ ഇടംപിടിച്ച് ലിയോണല്‍ മെസി. എന്നാല്‍ എര്‍ലിഗ് ഹാലന്‍ഡിന് പതിനൊന്നുപേരില്‍ ഇടംപിടിക്കാനായില്ല. മുപ്പത്തിയഞ്ചാം വയസിലും യുവതാരങ്ങളെപ്പോളും അമ്പരപ്പിക്കുന്ന മികവുമായി മെസിയുടെ ജൈത്രയാത്ര. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണിലെ ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളുടെ പട്ടികയില്‍ മെസി ഇത്തവണയും ഇടംപിടിച്ചു. ഫുട്‌ബോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ WhoScored.Com ആണ് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ കളിക്കുന്ന ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളെ തെരഞ്ഞെടുത്തത്.
സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കിയാണ് പതിനൊന്ന് താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. 8.2 പോയിന്റൂമായി റേറ്റിംഗില്‍ ഒന്നാമത് എത്തിയതും മെസി തന്നെ. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേ, ആഴ്‌സണലിന്റെ ബുക്കായോ സാക്ക, നാപ്പോളിയുടെ ക്വിച്ച ക്വരത്സ്‌ഖേലിയ എന്നിവരാണ് മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ എത്തിയതാരങ്ങള്‍. മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും ബോറൂസിയ ഡോട്ട്മുണ്ടിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമും.
ന്യൂകാസില്‍ യുണൈറ്റഡിന്റെ കീരന്‍ ട്രിപ്പിയര്‍, ബൊറൂസ്യ ഡോട്ട്മുണ്ടിന്റെ റാഫേല്‍ ഗുറേറോ ഫ്രഞ്ച് ക്ലബ് നാന്റസിന്റെ ആന്ദ്രേ ഗിറോറ്റോ ബയേണ്‍ മ്യൂണിക്കിന്റെ ബെഞ്ചമിന്‍ പവാര്‍ദ് എന്നിവര്‍ പ്രതിരോധനിരയില്‍ ഇടംനേടി. സ്പാനിഷ് ക്ലബ് കാഡിസിന്റെ ജെര്‍മിയാസ് ലെദെസ്മയാണ് എല്ലാവരേയും അമ്പരപ്പിച്ച് ടീമിന്റെ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. സ്പാനിഷ് ലീഗില്‍ നിന്ന് ടീമിലെത്തിയ ഏകതാരവും ജെര്‍മിയാസാണ്.
ഈ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ ഗോളടിച്ച് കൂട്ടി പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ടും പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും നേടിയ എര്‍ലിംഗ് ഹാലന്‍ഡിന് ഈ ടീമില്‍ ഇടംകിട്ടിയില്ല. റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയര്‍, കരീം ബെന്‍സേമ, നാപ്പോളിയുടെ വിക്ടര്‍ ഒസിമന്‍ തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല.