36-ാം പിറന്നാള്‍ നിറവില്‍ ഫുട്ബോളിന്‍റെ 'മിശിഹ'
റൊസാരിയോയിലെ ബാല്യകാലത്ത് തന്നെ ന്യുവെൽസ് ഓൾഡ് ബോയ്സിലെ പരിശീലകർ കുഞ്ഞു മെസിയിലെ മാന്ത്രികനെ കണ്ടെത്തിയിരുന്നു. 12-ാം വയസിൽ അപൂർവ രോഗം കളിയും ജീവിതവും കവരുമെന്ന് കരുതിയപ്പോൾ താങ്ങായത് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബ്. പിന്നീട് 21 വർഷക്കാലത്തെ കളിത്തൊട്ടിൽ.
ബ്യൂണസ് അയേഴ്സ്: സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്‍റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്‍റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. ലിയോണൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, രണ്ടാമത്തെ മികച്ച താരം പരിക്കേറ്റ മെസിയാണ്. മറഡോണയ്ക്കൊപ്പം അർജന്‍റീനയ്ക്ക് ലോകകിരീടം സമ്മാനിച്ച ഹോർഗെ വാൽഡാനോയുടെ വാക്കുകളാണിത്.
ഗോളാണ് ഫുട്ബോളിന്‍റെ കണക്കെടുപ്പെങ്കിൽ കളിയുടെ ആത്മാവാണ് മെസി. കരിയറിലുടനീളം അന്താരാഷ്‍ട്ര കിരീടമില്ലെന്ന പഴികേട്ട് നിരാശനായി ആൽബിസെലസ്റ്റെ ജേഴ്സിയിൽ പന്തുതട്ടിയ മെസി ഇന്ന് ലോകത്തിന്‍റെ നെറുകയിലാണ്. രണ്ട് വർഷത്തിനിടെ അർജന്‍റീനയ്ക്കൊപ്പം മൂന്ന് കിരീടങ്ങൾ.
റൊസാരിയോയിലെ ബാല്യകാലത്ത് തന്നെ ന്യുവെൽസ് ഓൾഡ് ബോയ്സിലെ പരിശീലകർ കുഞ്ഞു മെസിയിലെ മാന്ത്രികനെ കണ്ടെത്തിയിരുന്നു. 12-ാം വയസിൽ അപൂർവ രോഗം കളിയും ജീവിതവും കവരുമെന്ന് കരുതിയപ്പോൾ താങ്ങായത് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബ്. പിന്നീട് 21 വർഷക്കാലത്തെ കളിത്തൊട്ടിൽ.
ഗോളുകൾ, കിരീടങ്ങൾ, ബാലോൺഡി ഓർ അങ്ങനെ ബാഴ്സ കുപ്പായത്തില്‍ മെസി നേടാത്ത പുരസ്കാരങ്ങളോ കിരീടങ്ങളോ ഇല്ല. എതിരാളികളെയും ഇതിഹാസങ്ങളെയും ഒന്നൊന്നായി പിന്നിലാക്കി മുന്നോട്ട്. മെസ്സിക്കാലത്തെ അടയാളപ്പെടുത്താൻ റെക്കോർഡ് ബുക്കുകൾ പോരാതെ വരും. ഗോളടിച്ചും ഗോളടിപ്പിച്ചും കളിമെനഞ്ഞും വിസ്മയിപ്പിച്ച എത്രയെത്ര മത്സരങ്ങൾ.
ലോറസ് പുരസ്കാരം രണ്ട് വട്ടം നേടിയ ഒരേയൊരു ഫുട്ബോളർ. ഏഴ് ബാലോൺഡി ഓറിന്‍റെ തിളക്കം.എട്ടാം തവണ സ്വർണ ഗോളം കൈയ്യെത്തും ദൂരത്ത്. പിഎസ്‌ജിയിൽ നിന്ന് ഇന്‍റർ മയാമിയിലേക്ക് പോകുന്ന മെസിക്ക് ഇനി ക്ലബ്ബ് ഫുട്ബോളിൽ വലിയ സ്വപ്നങ്ങളില്ല. കരിയറിന്‍റെ അവസാനത്തിൽ ഫുട്ബോളിനെ സമ്മർദ്ധമില്ലാതെ ആസ്വദിക്കുന്ന മെസി ഇനിയൊരു കകപ്പിനുണ്ടാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഫുട്ബോളിന്‍റെ മിശഹാക്ക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പിറന്നാൾ ആശംസകൾ.