ഗ്രൗണ്ടില്‍ മാത്രമല്ല! സകല മേഖലകളിലും ക്രിസ്റ്റ്യാനോയെ വെട്ടി മെസി; ഇന്റര്‍നെറ്റിലും താരം മെസി തന്നെ
എഫ് ബി റെപ് സാറ്റ്‌സിന്റെ കണക്കനുസരിച്ച് 2023ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താങ്ങളില്‍ ലിയോണല്‍ മെസി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍.
ബ്യൂണസ് അയേഴ്‌സ്: കളിക്കളത്തില്‍ മാത്രമല്ല, ഇന്റര്‍ നെറ്റിലും സൂപ്പര്‍ താരമായി ലിയോണല്‍ മെസി. 2023ല്‍ ഏറ്റവും ആളുകള്‍ സെര്‍ച്ച് ചെയ്ത ഫുട്‌ബോളറെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. സമാനതകളില്ലാത്ത എട്ടാം ബലോണ്‍ ദോര്‍ പുരസ്‌കാരം. പി എസ് ജിയും യുറോപ്യന്‍ ഫുട്‌ബോളും വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റം. കളിക്കളത്തിന് അകത്തും പുറത്തും നിറഞ്ഞുനിന്ന മെസി ഇന്റര്‍നെറ്റിലും സൂപ്പര്‍ താരം.
എഫ് ബി റെപ് സാറ്റ്‌സിന്റെ കണക്കനുസരിച്ച് 2023ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താങ്ങളില്‍ ലിയോണല്‍ മെസി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഘാന, ഇറ്റലി, ബെല്‍ജിയം, സ്വീഡന്‍, ഹോളണ്ട്, ഈജിപ്ത്, കാനഡ, ടര്‍ക്കി, സ്വന്തം നാടായ അര്‍ജന്റീന എന്നിവിടങ്ങളിലെല്ലാം മെസിയാണ് ഒന്നാമന്‍.
കളിക്കളത്തിലെ മെസിയുടെ പ്രധാന എതിരാളിയായ കിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം നാടായ പോര്‍ച്ചുഗലില്‍ മാത്രമേ മുന്നില്‍ എത്താനായുള്ളൂ. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ്, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മുന്നിലെത്തിയത് ചെല്‍സിയുടെ ഇക്വഡോര്‍ താരം മോയിസെസ് കെയ്‌സേഡോ. ബ്രസീലില്‍ നെയ്മറും ഫ്രാന്‍സില്‍ കിലിയന്‍ എംബാപ്പേയും സ്‌പെയ്‌നില്‍ വിനിഷ്യസ് ജൂനിയറും കൊളംബിയയില്‍ സ്പാനിഷ് താരം ഗുട്ടിയും ഇന്റര്‍നെറ്റിലെ താരങ്ങളായി.
മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമി താരമായ മെസി നിലവില്‍ വിശ്രമത്തിലാണ്. അടുത്ത സീസണ് തയ്യാറെടുക്കുകയാണ് താരം. അതോടെപ്പം അര്‍ജന്റീനയുടെ ദേശീയ ടീമിനൊപ്പം കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടിയും തയ്യാറായി നില്‍ക്കേണ്ടതുണ്ട് മെസിക്ക്. 2026 ഫിഫ ലോകകപ്പിനും അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ കാണാമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.