മലബാറില്‍ വീണ്ടും ഫുട്ബോള്‍ വസന്തരാവുകള്‍; സൂപ്പര്‍ കപ്പ് ഒരുക്കം അവസാന ഘട്ടത്തില്‍
കനത്ത ചൂടിനെ അവഗണിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 25 വരെ കോഴിക്കോടും മഞ്ചേരിയിലും ഇനി ഇന്ത്യന്‍ ഫുട്ബോളിന്‍റെ വസന്ത കാലം
കോഴിക്കോട്: മലബാര്‍ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊല്‍ക്കത്ത ക്ലബുകള്‍ ഉള്‍പ്പെടെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് വരികയാണ്. അടുത്തമാസം തുടങ്ങുന്ന സൂപ്പര്‍ കപ്പിലാണ് ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ കോഴിക്കോട്ട് ഏറ്റുമുട്ടുക.
ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
കനത്ത ചൂടിനെ അവഗണിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 25 വരെ കോഴിക്കോടും മഞ്ചേരിയിലും ഇനി ഇന്ത്യന്‍ ഫുട്ബോളിന്‍റെ വസന്ത കാലം. നാഗ്‌ജിയുടെ പ്രതാപത്തിലേക്കും ആവേശത്തിലേക്കും മലബാറിനെ സൂപ്പര്‍ കപ്പ് നയിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പര്‍ കപ്പില്‍ മാറ്റുരയ്‌ക്കും. ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റില്‍ 21 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഫൈനല്‍ ഉള്‍പ്പെടെ പതിനാല് മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലും യോഗ്യത റൗണ്ട് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരയ്‌ക്കും എട്ടരയ്‌ക്കുമായി രണ്ട് മത്സരങ്ങള്‍ ദിവസവും നടത്തും. സൂപ്പര്‍ കപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
യോഗ്യത മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് തുടങ്ങും. ഉദ്ഘാടനം ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. 2016ല്‍ സേഠ് നാഗ്‌ജി അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന് കോഴിക്കോട് വേദിയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് മികച്ച ക്ലബുകള്‍ പങ്കെടുക്കുന്ന ഒരു ടൂര്‍ണ്ണമെന്‍റിന് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. 2022ല്‍ സന്തോഷ് ട്രോഫിക്ക് പയ്യനാട് സ്റ്റേഡിയം വലിയ ആരാധക പിന്തുണയോടെ വേദിയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി
അതേസമയം സൂപ്പര്‍ കപ്പിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി വാര്‍ത്തയുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ നായകന്‍ അഡ്രിയാന്‍ ലൂണ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിനായി കളിക്കാനുണ്ടാകില്ല. ട്വീറ്റിലൂടെയാണ് ലൂണ സൂപ്പര്‍ കപ്പിലുണ്ടാവില്ലെന്ന കാര്യം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. സൂപ്പര്‍ കപ്പിന്‍റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ലൂണക്ക് അവധി എടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ താരത്തിന് അവധി അനുവദിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ലൂണയ്‌ക്ക് ടീമിനൊപ്പം തിരിച്ചെത്താനാകട്ടെയെന്നും ബ്ലാസ്റ്റേഴ്സ് കുറിപ്പില്‍ വ്യക്തമാക്കി.
'എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ'; 'കീലേരി ചഹല്‍' വീഡിയോയുമായി സഞ്ജു, സംഭവം വൈറല്‍