ഫുട്ബോളില്‍ ത്രില്ലര്‍ ദിനം; യുണൈറ്റഡിനും സിറ്റിക്കും ജയം, ബാഴ്‌സയ്‌ക്ക് സമനില
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് കാഡിസ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.
ആഴ്‌സനല്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. രണ്ടാം മിനിറ്റില്‍ സ്റ്റെര്‍ലിംഗ് നേടായ ഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തായത്. 25 കളികളില്‍നിന്ന് 59 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.
പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം മുപ്പതാം മിനുറ്റിൽ റാഷ്ഫോർഡിന്‍റെ മികവിലൂടെ യുണൈറ്റഡ് ആണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ അല്ലാനിലൂടെ ന്യൂകാസിൽ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുണൈറ്റഡിനായി ഡാനിയൽ ജയിംസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവർ ലക്ഷ്യം കണ്ടു.
25 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിനിപ്പോൾ 49 പോയിന്‍റുണ്ട്. മത്സരത്തിന്‍റെ അവസാന മിനുറ്റിൽ കൗമാര താരം ഷൊല ഷൊരറ്റിരെ യുണൈറ്റഡിനായി അരങ്ങേറി. ഈയാഴ്ച യുണൈറ്റഡിനായി അരങ്ങേറുന്ന രണ്ടാമത്തെ താരമാണ് ഷൊരറ്റിരെ. അമദ് ദിയാലോ നേരത്തെ യുണൈറ്റഡിനായി അരങ്ങേറിയിരുന്നു.
ബാഴ്‌സയ്‌ക്ക് സമനില
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് കാഡിസ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. 32-ാം മിനിറ്റില്‍ ലിയോണല്‍ മെസിയിലൂടെ ബാഴ്സ മുന്നിലെത്തി. മെസി പെനാല്‍റ്റി ഗോളാക്കുകയായിരുന്നു. 89-ാം മിനിറ്റിലാണ് കാഡിസ് സമനില ഗോള്‍ സ്വന്തമാക്കിയത്. അലക്സ് ഫെര്‍ണാണ്ടസ് പെനാല്‍റ്റി ഗോളാക്കി. 23 കളിയില്‍ 47 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 55 പോയിന്‍റുള്ള അത്‌ലറ്റിക്കോയാണ് തലപ്പത്ത്.
ഇറ്റാലിയൻ ലീഗില്‍ എസി മിലാനെ തകര്‍ത്ത് ഇന്‍റര്‍മിലാൻ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്‍റര്‍മിലാന്‍റെ ജയം. ലൗട്ടറോ മാര്‍ട്ടിനസിന്‍റെ ഇരട്ടഗോളുകളാണ് ഇന്‍റര്‍മിലാന് കരുത്തായത്. 5, 57 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 66-ാം മിനിറ്റില്‍ ലുകാകു ഇന്‍റര്‍മിലാന്‍റെ ഗോള്‍പട്ടിക തികച്ചു.