യൂറോ കപ്പ്: രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഫ്രഞ്ച് പടക്ക് ആശ്വാസം! പരിക്കേറ്റ എംബാപ്പെ നയിക്കാന്‍ തിരിച്ചെത്തും
യൂറോ കപ്പിലെ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മ്യൂണിക്: യൂറോ കപ്പില്‍ ഓസ്ട്രിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ പരുക്കേറ്റ ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് ഉണ്ടാകുമോ എന്ന ആശങ്കക്ക് വിരാമം. ഫ്രഞ്ച് പടയുടെ കിരീടം തേടിയുള്ള പോരാട്ടം നയിക്കാന്‍ എംബാപ്പെ ഉണ്ടാകുമെന്ന് സ്ഥിരീകരണമായി. ഇനിയുള്ള മത്സരങ്ങളില്‍ മാസ്‌ക് മുഖത്ത് ധരിച്ച് കപ്പിത്താന്‍ കളത്തിലുണ്ടാകും. ഫ്രാന്‍സ് ഫുട്ബോള്‍ ഫെഡറേഷന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യൂറോ കപ്പിലെ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിന് പരുക്കേറ്റ താരത്തിന് ശസ്ത്രക്രീയ ആവശ്യമാണെന്ന് ഫെഡറേഷന്‍ അറിയിച്ചു. പരുക്ക് പൂര്‍ണമായും ഭേദമാകും വരെ മാസ്‌ക് ധരിച്ചാവും കളിക്കുകയെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ഫ്രാന്‍സിന് നിറംമങ്ങിയ വിജയമാണ് നേടാനായത്. ഓസ്ട്രിയക്കെതിരെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് രക്ഷപ്പെട്ടത്. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സിന്റെ ആക്രമണനിരക്കെതികെ ഓസ്ട്രിയ പിടിച്ചു നിന്നപ്പോള്‍ ഗോളടിക്കാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് ടീമിനൊപ്പം കോച്ച് ദിദിയെ ദെഷാം നൂറാം ജയം സ്വന്തമാക്കിയത് മുപ്പത്തിയെട്ടാം മിനിറ്റില്‍ ഓസ്ട്രിയന്‍ താരം മാക്‌സ്മിലിയാന്‍ വെബെര്‍ അടിച്ച ഓണ്‍ഗോളിലൂടെയായിരുന്നു.
പെനല്‍റ്റി ബോക്‌സില്‍ എംബാപ്പെയെ ലക്ഷ്യമാക്കി എത്തിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള നീക്കത്തിനിടെയാണ് മാക്‌സ്മിലിയാന്‍ ഹെഡ് ചെയ്ത പന്ത് സ്വന്തം വലയിലെത്തിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഗോള്‍ നേടാത്ത നായകന്‍ കിലിയന്‍ എംബാപ്പേ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉന്നംപിഴച്ചതും ഫ്രാന്‍സിന് തിരിച്ചടിയായി. ഫ്രാന്‍സ് ലീഡെടുത്തതോടെ ഒപ്പമെത്താന്‍ ഓസ്ട്രിയ പറന്നുകളിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ഓസ്ട്രിയക്കും കഴിഞ്ഞില്ല.