അങ്ങനെ സംഭവിച്ചാല്‍ മാത്രം അത്ഭുതം; ബാലൺ ഡി ഓർ ജേതാവിനെ പ്രവചിച്ച് കിലിയൻ എംബാപ്പേ
ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു
പാരീസ്: ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവിനെ പ്രവചിച്ച് ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ. റയൽ മാഡ്രിഡിന്‍റെ കരീം ബെൻസേമ പുരസ്കാരം നേടും എന്നാണ് എംബാപ്പേയുടെ പ്രവചനം. 'ബെൻസേമ, സാദിയോ മാനേ എന്നിവർക്കൊപ്പം അവസാന മൂന്നുപേരിൽ താനുമുണ്ടാവും. കഴിഞ്ഞ സീസണിൽ റയലിനെ ഒറ്റയ്ക്ക് ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ബെൻസേമ പുരസ്കാരം നേടുമെന്ന് ഉറപ്പാണ്. ബാലൺ ഡി ഓർ മറ്റാർക്കെങ്കിലും കിട്ടിയാൽ മാത്രമേ ഇത്തവണ അത്ഭുതം ഉണ്ടാവൂ' എന്നും എംബാപ്പേ പറഞ്ഞു.
മുപ്പത്തിനാലുകാരനായ ബെൻസേമയും ഇരുപത്തിമൂന്നുകാരനായ എംബാപ്പേയും ഫ്രഞ്ച് ദേശീയ ടീമിൽ സഹതാരങ്ങളാണ്.
കൂടുതല്‍ സാധ്യത ബെൻസേമയ്ക്ക്
ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2005ന് ശേഷം ആദ്യമായി സൂപ്പര്‍താരം ലിയോണൽ മെസിക്ക് പ്രാഥമിക പട്ടികയിൽ ഇടംപിടിക്കാനായില്ല. പിഎസ്‌ജിയില്‍ നിറംമങ്ങിയതാണ് നിലവിലെ ചാമ്പ്യനായ മെസിക്ക് തിരിച്ചടിയായത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് പട്ടികയില്‍ ഇടംപിടിക്കാനായി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, കിലിയന്‍ എംബാപ്പെ, മോ സലാ, ഏര്‍ലിംഗ് ഹാലന്‍ഡ്, വിനീഷ്യസ് ജൂനിയര്‍, സാഡിയോ മാനേ, കെവിന്‍ ഡി ബ്രുയിന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളും 30 അംഗ പട്ടികയിലുണ്ട്.
കഴിഞ്ഞ സീസണില്‍ വിസ്‌മയ ഫോമിലായിരുന്നു കരീം ബെന്‍സേമ. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെന്‍സേമയ്ക്കാണ് ഇക്കുറി പുരസ്‌കാര പോരാട്ടത്തില്‍ മേൽക്കൈ. ഒക്ടോബര്‍ 17നാണ് പുരസ്‌കാര പ്രഖ്യാപനം.
യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന്‍റെ ചുരുക്കപ്പട്ടികയിലും കരീം ബെൻസെമ തന്നെയാണ് ഫേവറേറ്റ്. കോര്‍ട്വ, കെവിൻ ഡിബ്രുയിൻ എന്നിവരാണ് അവസാന മൂന്നിലുള്ള മറ്റ് രണ്ടുപേര്‍. ഈ മാസം 25ന് പുരസ്‌കാരം പ്രഖ്യാപിക്കും. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും സൂപ്പർകപ്പും ഷെൽഫിലെത്തിച്ച റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമയാണ് സാധ്യതയിൽ മുന്നിൽ.
ബാലൺ ഡി ഓര്‍: മെസിയില്ലാതെ പ്രാഥമിക പട്ടിക, റൊണാള്‍ഡോയ്‌ക്ക് ഇടം, ബെന്‍സേമയ്ക്ക് മേൽക്കൈ