വിഷ്ണു വിനോദിന്റെ സെഞ്ചുറിക്ക് പിന്നാലെ ശ്രേയസിന് നാല് വിക്കറ്റ്! വിജയ് ഹസാരെയില്‍ ഒഡീഷയെ പൂട്ടി കേരളം

ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഒഡീഷയ്ക്ക് വേണ്ടി 92 റണ്‍സെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാര്‍ സിംഗ് (20), സുബ്രാന്‍ഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

kerala won over odisha by 78 runs in vijay hazare trophy

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സ് ജയം. ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഒഡീഷ 43.3 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള നിരയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍. ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഒഡീഷയ്ക്ക് വേണ്ടി 92 റണ്‍സെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാര്‍ സിംഗ് (20), സുബ്രാന്‍ഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അനുരാഗ് സാരംഗി (0), ഗോവിന്ദ പോഡര്‍ (7), രാജേഷ് ധുപര്‍ (1), കാര്‍ത്തിക് ബിശ്വല്‍ (7), ദേബബ്രതാ പ്രധാന്‍ (1), രാജേഷ് മോഹന്തി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിഷ്ണുവിന് പുറമെ അഖില്‍ സ്‌കറിയ (34), അബ്ദുള്‍ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. സഞ്ജു സാംസണടക്കമുള്ള (21 പന്തില്‍ 15) നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 112 എന്ന നിലയിലായിരുന്നു കേരളം. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17), സച്ചിന്‍ ബേബി (2), ശ്രേയസ് ഗോപാല്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോഴാണ് അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമാകുന്നത്. രോഹന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ഇരുവരേയും പ്രയാഷ് കുമാര്‍ സിംഗ് പുറത്താക്കി.

ഇതോടെ 10.5 ഓവറില്‍ കേരളം രണ്ടിന് 56 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. രാജേഷ് മോഹന്തിക്കായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ സച്ചിന്‍ ബേബിക്ക് ഇന്ന് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രേയസ് ഗോപാലിനാവട്ടെ അവസരം മുതലാക്കാനായില്ല. പിന്നീട് വിഷ്ണു നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കേരളത്തെ നയിച്ചത്. അഖിലിനൊപ്പം 98 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ വിഷ്ണുവായി. 58 പന്തില്‍ 34 റണ്‍സെടുത്ത അഖിലിനെ അഭിഷേക് മടക്കി.

42-ാം ഓവറിലാണ് താരം മടങ്ങിയത്. അധികം വൈകാതെ വിഷ്ണുവും പവലിയനില്‍ തിരിച്ചെത്തി. 85 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും അഞ്ച് ഫോറും നേടി. തുടര്‍ന്ന് ബാസിത്തിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ കേരളം സുരക്ഷിത തീരത്തെത്തി. 27 പന്തുകള്‍ നേരിട്ട ബാസിത് മൂന്ന് വീതം സിക്സും ഫോറും നേടി. വൈശാഖ് ചന്ദ്രന്‍ (4), ബേസില്‍ തമ്പി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖിന്‍ സത്താര്‍ (0) പുറത്താവാതെ നിന്നു.

എല്ലാം ഔദ്യോഗികമായി! ഹാര്‍ദിക് മുംബൈക്ക്, ഗ്രീന്‍ ആര്‍സിബിയില്‍; താരങ്ങളെ അവതരിപ്പിച്ച് ഫ്രാഞ്ചൈസികള്‍

Latest Videos
Follow Us:
Download App:
  • android
  • ios