തിരുവോണ രാവില്‍ ജയിച്ച് തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്! കൊച്ചിയില്‍ ഇന്ന് എതിരാളി പഞ്ചാബ് എഫ്‌സി
ആരാധകരുടെ പ്രിയങ്കരനായിരുന്ന ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന വലിയ കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. തിരുവോണ നാളില്‍ പഞ്ചാബ് എഫ് സിയാണ് എതിരാളികള്‍. നല്ല ദിവസം ജയിച്ചുതുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സും കൊതിക്കുന്നത്. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സ്വന്തം തട്ടകത്തില്‍ ആദ്യപോരിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തും ആത്മവിശ്വാസവും ഇരട്ടിയാക്കുമെന്നുറപ്പ്. അഡ്രിയന്‍ ലൂണയെയും സംഘത്തേയും മാത്രമല്ല, ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങള്‍കൂടി മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ആരാധകരുടെ പ്രിയങ്കരനായിരുന്ന ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന വലിയ കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലന്‍ഡിലെയും കൊല്‍ക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം കളിക്കളത്തില്‍ സ്റ്റാറെ എന്തൊക്കെ തന്ത്രങ്ങളാവും കാത്തുവച്ചിരിക്കുന്നത് എന്നറിയാനും ആകാംക്ഷ.
ടീം വിട്ടുപോയ ദിമിത്രിയോസ് ഡയമന്റക്കോസ്, ജീക്‌സണ്‍ സിംഗ്, മാര്‍കോ ലെസ്‌കോവിച്ച് തുടങ്ങിയവരുടെ അഭാവം അലക്‌സാണ്ടര്‍ കോയെഫും നോഹ സദോയിയും ജീസസ് ജിമിനെസുമെല്ലാം മറികടക്കുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. ഒപ്പം ഓള്‍റൗണ്ട് മികവുമായി നായകന്‍ അഡ്രിയന്‍ ലൂണയും മലയാളി താരങ്ങളായ കെ പി രാഹുലും വിബിന്‍ മോഹനനും ഗോളി സച്ചിന്‍ സുരേഷും.
യൂസ്‌വേന്ദ്ര ചാഹലിനടുത്തെത്തി! ഓസ്‌ട്രേലിയക്ക് വേണ്ടി പുതിയ ടി20 റെക്കോര്‍ഡുമായി മാത്യു ഷോര്‍ട്ട്
സീസണിലെ ആദ്യമത്സരത്തിനാണ് പഞ്ചാബും കളത്തിലിറങ്ങുന്നത് പുതിയ കോച്ചും ഒരുപിടി പുതിയ താരങ്ങളുമായി. ഇരുടീമും ഇതിനുമുന്‍പ് നേര്‍ക്കുനേര്‍വന്നത് നാല് കളിയില്‍. രണ്ടില്‍ ബ്ലാസ്റ്റേഴ്‌സും ഒന്നില്‍ പഞ്ചാബും ജയിച്ചു. ഒരുമത്സരം സമനിലയില്‍. പഞ്ചാബിനെ തോല്‍പിച്ച് ആദ്യ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാമെന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിത്തട്ടിലേക്ക്.