ബ്ലാസ്‌റ്റേഴ്‌സിന് കലിപ്പടക്കണം! കോഴിക്കോട് മഞ്ഞക്കടലാവും; സൂപ്പര്‍ കപ്പില്‍ ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ
മത്സരത്തിനിടെ താരങ്ങളെ കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരികെ വിളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പിന്നാലെ കോച്ചിന് വിലക്ക്. ടീമിന് പിഴ. ഇതിനെല്ലാം കണക്കുചോദിക്കാനുണ്ട് ബ്ലാസ്റ്റേഴ്‌സിന്. പക്ഷെ കാര്യങ്ങള്‍ അത്ര അനുകൂലമല്ല.
കൊഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് കളിതുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സിന് വെറുമൊരു കളിയല്ലിത്. അഭിമാന പോരാട്ടമാണ്. ഐഎസ്എല്‍ പ്ലേ ഓഫിലെ ചതിക്ക് ബെംഗളൂരുവിനോട് പകരം വീട്ടണം. സെമിഫൈനല്‍ ഉറപ്പിക്കണം. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെയായിരുന്നു ഐഎസ്എല്ലിനെ പിടിച്ചുലച്ച സംഭവം.
മത്സരത്തിനിടെ താരങ്ങളെ കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരികെ വിളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പിന്നാലെ കോച്ചിന് വിലക്ക്. ടീമിന് പിഴ. ഇതിനെല്ലാം കണക്കുചോദിക്കാനുണ്ട് ബ്ലാസ്റ്റേഴ്‌സിന്. പക്ഷെ കാര്യങ്ങള്‍ അത്ര അനുകൂലമല്ല. ബെംഗളൂരു പ്രധാന താരങ്ങളെയല്ലാം അണിനിരത്തുന്‌പോള്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ അഡ്രിയന്‍ ലൂണയടക്കമുള്ള താരങ്ങളില്ല. ആദ്യ മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് തുടക്കമിട്ട ബ്ലാസ്റ്റേഴ്സിന് പക്ഷേ ശ്രീനിധി ഡെക്കാനോട് മികവ് തുടരാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിനാല്‍ ഗ്രൂപ്പ് കടക്കാന്‍ അവസാന മത്സരത്തില്‍ ജയം അനിവാര്യം.
ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കില്ല. ഛേത്രിയുടെ ബെംഗളൂരുവിനോട് പകരം വീട്ടിയാലും റൗണ്ട് ഗ്ലാസ് പഞ്ചാബ് ശ്രീനിധി ഡെക്കാന്‍ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി. രണ്ട് കളിയില്‍ ബെംഗളൂരുവിനും ശ്രീനിധിക്കും നാല് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ബെംഗളൂരു ഒന്നും ശ്രീനിധി രണ്ടും സ്ഥാനങ്ങളില്‍. ഗ്രൂപ്പില്‍ മുന്നിലുള്ള ബെംഗളൂരുവിന് ജയിച്ചാല്‍ സെമി ഉറപ്പാക്കാം. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും.
ഇവാന്‍ കലിയൂഷ്‌നി, ഡയമന്റാക്കോസ്, ലെസ്‌കോവിച്ച് എന്നീ വിദേശ താരങ്ങളുടെ പ്രകടനം തന്നെയാകും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിര്‍ണായകമാവുക. സുനില്‍ ഛേത്രി, റോയ് കൃഷ്ണ, സന്ദേശ് ജിങ്കാന്‍, ഉദാന്ത സിംഗ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ബെംഗളൂരു നിരയിലുണ്ട്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും രണ്ട് വേദിയിലായി ഒരേസമയമാണ് നിശ്ചയിച്ചിരിക്കുന്നത്.
എംബാപ്പെയുടെ അസിസ്റ്റില്‍ ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് ഗോള്‍! പിന്നിലായത് സാക്ഷാല്‍ പെലെ- വീഡിയോ