ഒരേയൊരു മത്സരം! ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിക്കെതിരെ

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നകാര്യം, എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളിയും തോറ്റതാണ്. സസ്‌പെന്‍ഷനിലായ ഇവാന്‍ കലിയൂഷ്‌നി ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

Kerala Blasters vs Bengaluru FC ISL match preview and more saa

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ ബംഗളൂരു എഫ് സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം. നിര്‍ണായക മത്സരത്തില്‍ തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറുക കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ബംഗളൂരൂ എഫ് സി. ബംഗളൂരു അവസാന എട്ട് കളിയിലും ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് അവസാന മൂന്ന് കളിയിലും തോറ്റു. 

ഇതിനേക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നകാര്യം, എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളിയും തോറ്റതാണ്. സസ്‌പെന്‍ഷനിലായ ഇവാന്‍ കലിയൂഷ്‌നി ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പ്രതിരോധനിര പഴുതുകള്‍ അടയ്ക്കുകയും മധ്യനിര സ്‌ട്രൈക്കര്‍ ദിമിത്രോസ് ഡയമന്റോക്കിസിന് ഗോളവസരം ഒരുക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. അഴകുള്ള കളി പ്രതീക്ഷിക്കേണ്ടെന്നും ജയിക്കാനായി എന്തുംചെയ്യുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നയം വ്യക്തമാക്കിക്കഴിഞ്ഞു. 

ഹോം ഗ്രൗണ്ടിലെ ആനുകൂല്യം മുതലെടുക്കാന്‍ ഇറങ്ങുന്ന ബംഗളുരൂ ഉറ്റുനോക്കുന്നത് റോയ് കൃഷ്ണ, സുനില്‍ ഛേത്രി, യാവി ഹെര്‍ണാണ്ടസ് എന്നിവരുടെ കാലുകളിലേക്ക്. പ്രതിരോധനിരയെ നയിക്കാന്‍ സന്ദേശ് ജിംഗാനും ഗോള്‍വലയത്തിന് മുന്നില്‍ വിശ്വസ്തനായി ഗുര്‍പ്രീത് സന്ധുവുമുണ്ട്. സീസണില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചു. ബെംഗളൂരുവില്‍ റോയ് കൃഷ്ണയുടെ ഒറ്റഗോളിനായിരുന്നു ഛേത്രിയുടേയും സംഘത്തിന്റെയും ജയം.

രണ്ടാംപാദത്തില്‍ ബംഗളൂരു ഒറ്റഗോളിന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി. ഇതോടെ ഇരുടീമുകളുടേയും ആരാധകര്‍ ഗാലറിയില്‍ ഏറ്റുമുട്ടുകയും ചെയ്തു.  പ്ലേ ഓഫില്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളത്തിനകത്തും പുറത്തും ഒരുപോലും പോരാട്ടച്ചൂട് നിറയുമെന്നുറപ്പ്. സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റില്‍ പറയുന്നു.

മെസിക്ക് ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്; ഞെട്ടി അർജന്റീന

Latest Videos
Follow Us:
Download App:
  • android
  • ios