കേരള ബ്ലാസ്റ്റേഴ്സ് വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല; സാമ്പത്തിക ബാധ്യതയെന്ന് വിശദീകരണം
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത വനിതാ ടീമില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ടായിരുന്നു. പുരുഷ ടീമിനൊപ്പം വനിതാ ടീമിനും വിദേശ പ്രീ-സീസൺ ടൂർ, പ്ലെയർ എക്സ്ചേഞ്ചുകൾ, എക്സ്പോഷർ ടൂറുകൾ എന്നിവയും പദ്ധതിയിട്ടിരുന്നു.
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല. ഐഎസ്എല്ലിലെ അച്ചടക്ക ലംഘനത്തിന് അഖിലേന്താ ഫുട്ബോള്‍ ഫെഡറേഷന്‍ കനത്ത പിഴ ചുമത്തിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വനിതാ ടീമിനെ ഇത്തവണ ഗ്രൗണ്ടിലിറക്കാനാവില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയ നടപടി അംഗീകരിക്കുന്നുവെന്നും എന്നാല്‍ കനത്ത പിഴമൂലം ടീമിനുണ്ടായ സാമ്പത്തിക ബാധ്യത മൂലം വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ കടുത്ത നിരാശയുണ്ടെന്നും ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത വനിതാ ടീമില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ടായിരുന്നു. പുരുഷ ടീമിനൊപ്പം വനിതാ ടീമിനും വിദേശ പ്രീ-സീസൺ ടൂർ, പ്ലെയർ എക്സ്ചേഞ്ചുകൾ, എക്സ്പോഷർ ടൂറുകൾ എന്നിവയും പദ്ധതിയിട്ടിരുന്നു. എന്നാല്‍, അഖിലേന്തായ ഫുട്ബോള്‍ ഫെഡറേഷന്‍ ചുമത്തിയ കനത്ത പിഴ ടീമിന് വലിയ വെല്ലുവിളിയാണെന്നും അതിനാലാണ് നിരാശാജനകമെങ്കിലും കടുത്ത തീരുമാനം എടുക്കുന്നതെന്നും ക്ലബ്ബ് വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വരാതെ വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നിലവിലെ സാഹചര്യം പരിഗണിച്ചാണ് കടുത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും ക്ലബ്ബ് അറിയിച്ചു.
കഴിഞ്ഞ സീസണിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് വനിതാ ടീം രൂപീകരിച്ചത്. ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴയിട്ടിരുന്നു. മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷമാപണം നടത്തണമെന്നും ക്ഷമാപണം നടത്താത്ത പക്ഷം പിഴ 6 കോടി രൂപയാകുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.
ഒരു പുതിയ തുടക്കം! മഞ്ഞപ്പടയ്‌ക്ക് ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ബെംഗലൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയും ഫെഡറേഷന്‍ അച്ചടക്ക സമിതി ശിക്ഷ വിധിച്ചിരുന്നു. 10 മത്സരങ്ങളിലെ വിലക്കും ഒപ്പം 5 ലക്ഷം പിഴയുമായിരുന്നു വുകോമാനോവിച്ചിച്ച് ശിക്ഷയായി വിധിച്ചത്.
ഫെഡറേഷന്‍റെ ശിക്ഷാവിധിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സും കോച്ച് ഇവാന്‍ വുകമനോവിച്ചും പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും നാലു കോടി രൂപ പിഴയായി ചുമത്തിയത് നിലനിര്‍ത്തി. പിഴ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അപ്പീല്‍ ഫെഡറേഷന്‍ അപ്പീല്‍ കമ്മിറ്റി തള്ളുകയും ചെയ്തിരുന്നു.