ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍

ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഇടിവുണ്ടായി

Kerala Blasters Manjappada fans started unfollow campaign in ISL official Instagram account after Sunil Chhetri Controversial goal jje

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി നോക്കൗട്ട് മത്സരത്തിലെ വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെ ഐഎസ്എല്ലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍. ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ റഫറി അനുവദിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം ബഹിഷ്കരിച്ചപ്പോള്‍ കെബിഎഫ്സി സെമി കാണാതെ പുറത്തായിരുന്നു. റഫറിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്നും മൈതാനം വിടാന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് എടുത്ത തീരുമാനം ശരിയാണ് എന്ന് വാദിച്ചുമാണ് അണ്‍ഫോളോ ക്യാംപയിന് മഞ്ഞപ്പട ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയത്. 

ഇതിന് പിന്നാലെ ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഇടിവുണ്ടായി. 16 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ടിനിപ്പോള്‍ 15 ലക്ഷം ഫോളോവേഴ്സ് മാത്രമേയുള്ളൂ. മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിന് ബ്ലാസ്റ്റേഴ്സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാല്‍ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും കാണാം. 

ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ ചൊല്ലിയുള്ള തർക്കത്തില്‍ ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ കളി ബഹിഷ്കരിച്ച മത്സരത്തില്‍ 1-0ന് ബിഎഫ്സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ അധികസമയത്ത് 96-ാം മിനുറ്റിൽ ഛേത്രി തിടുക്കത്തില്‍ എടുത്ത ഫ്രീകിക്ക് നോക്കി നിൽക്കാനെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ ഗില്ലിന് കഴിഞ്ഞുള്ളൂ. ഫ്രീകിക്ക് നേരിടാന്‍ തയ്യാറായിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍. താരങ്ങളോട് മത്സരം നിർത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാൻ വുകോമനോവിച്ചും സംഘവും പിന്നാലെ മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടു. 

വൈകാതെ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിച്ചു. ഒടുവില്‍ കളിയുടെ 120 മിനുറ്റ് തീരുംവരെ കാത്തിരുന്ന റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മറുപടി ഗോള്‍ നേടാന്‍ 15 മിനുറ്റോളം ബാക്കിയുണ്ടായിട്ടും കടുത്ത നടപടിയിലേക്ക് ബ്ലാസ്റ്റേഴ്സ് ടീം പോകേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മത്സരം കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനും ഗംഭീര വരവേല്‍പാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കിയത്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തിരിച്ചെത്തി! ആശാനും പിള്ളേര്‍ക്കും ഗംഭീര സ്വീകരണമൊരുക്കി ആരാധകര്‍- വീഡിയോ


 

Latest Videos
Follow Us:
Download App:
  • android
  • ios