'സഹലിന് 90 ലക്ഷം മാത്രം ട്രാൻസ്‍ഫർ ഫീ'! എന്നാ സ്റ്റേഡിയം കൂടി തൂക്കിവില്‍ക്ക്'; ബ്ലാസ്റ്റേഴ്സിനെതിരെ ഫാന്‍സ്
സഹലിനെപ്പോലൊരു പ്രധാന താരത്തെ കൈവിട്ട ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന്‍റെ തീരുമാനത്തേയും ആരാധകർ ശക്തമായ ഭാഷയില്‍ ഇതോടൊപ്പം വിമർശിക്കുന്നുണ്ട്
കൊച്ചി: ഐഎസ്എല്ലില്‍ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചിരുന്നു. എന്നാല്‍ സഹലിന് നന്ദിയറിയിച്ച് ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ചെറിയ ട്രാൻസ്ഫർ തുകയ്ക്കാണ് വമ്പന്‍ താരത്തെ കൈവിട്ടതെന്ന വിമർശനമാണ് ആരാധകർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. സഹലിനെപ്പോലൊരു പ്രധാന താരത്തെ കൈവിട്ട ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന്‍റെ തീരുമാനത്തേയും ആരാധകർ ശക്തമായ ഭാഷയില്‍ ഇതോടൊപ്പം വിമർശിക്കുന്നുണ്ട്.
ഇതിലൊന്നും അവസാനിക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകരുടെ വിമർശനങ്ങള്‍. ക്ലബിനെയും തൂക്കിവിറ്റുകൂടേ എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. കല്ലൂർ സ്റ്റേഡിയം തൂക്കി വിൽക്കുന്നുണ്ടെന്ന് കേട്ട് വന്നതാ എന്ന റിപ്ലൈയും ട്വിറ്ററില്‍ കാണാം. സഹലിന് ഉചിതമായ യാത്രയപ്പ് നല്‍കാന്‍ ക്ലബിനായില്ല എന്നും ആരാധകർക്ക് പരാതിയുണ്ട്. സഹലിന് നന്ദിയറിയിച്ചുള്ള വീഡിയോ പോരാ എന്ന പക്ഷമാണ് മിക്ക ആരാധകർക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ട്വീറ്റ് ചെയ്ത ഏറ്റവും മോശം വീഡിയോയാണ് സഹലിന് നന്ദി പറയുന്നത് എന്ന് ഒരു ആരാധകന്‍ കുറിച്ചു. സഹല്‍ അബ്ദുള്‍ സമദിനെ പോലെ ഇന്ത്യന്‍ ഫുട്ബോളില്‍ ഇതിനകം മേല്‍വിലാസമുണ്ടാക്കുകയും, ബ്ലാസ്റ്റേഴ്സിന്‍റെ ഐക്കണായി മാറുകയും ചെയ്ത താരത്തിന് 90 ലക്ഷം ട്രാന്‍സ്ഫർ ഫീയും പ്രീതം കോട്ടാലും മതിയാവില്ല എന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച പ്രതിഭയാണ് സഹൽ അബ്ദുൾ സമദ്. അഞ്ച് വർഷ കരാറിലാണ് സഹൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിലേക്ക് പോകുന്നത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തെ രണ്ടരക്കോടി പ്രതിഫലം വാഗ്ദാനം ചെയ്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ് ടീമിലെത്തിച്ചത്. സഹലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടാലിനെ നൽകിയാണ് കരാർ. 90 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീസായി ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. കെബിഎഫ്സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സഹൽ അബ്ദുൾ സമദ് സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം