പ്ലേ ഓഫിനായി കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം; ജംഷഡ്പൂരിനെതിരെ സമനില, ദിമി ഗോള്‍വേട്ടയില്‍ ഒന്നാമന്‍
ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം കാണിച്ചത്. നല്ല നീക്കങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 23ആം മിനുട്ടില്‍ ദിമിയിലൂടെ മുന്നിലെത്തി.
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. ദിമിത്രിയോസ് ഡയമന്റാകോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ഹാവിയര്‍ സിവേറിയോയുടെ വകയായിരുന്നു ജംഷഡ്പൂരിന്റെ മടക്ക ഗോള്‍. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തിരിക്കേണ്ടി വരും. ഒരു പോയിന്‍റ് മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താന്‍ വേണ്ടത്.
ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം കാണിച്ചത്. നല്ല നീക്കങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 23ആം മിനുട്ടില്‍ ദിമിയിലൂടെ മുന്നിലെത്തി. ജസ്റ്റിന്റെ പാസ് സ്വീകരിച്ച് ദിമി തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ജംഷ്ഡപൂര്‍ ഗോള്‍ കീപ്പര്‍ രഹനേഷിന് ഒരുവസരവും നല്‍കിയില്ല. ലീഗില്‍ താരത്തിന്റെ 13-ാം ഗോളായിരുന്നിത്. ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനും ദിമി തന്നെ. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നു. എന്നാല്‍ ജസ്റ്റിന്‍ പരിക്കേറ്റ് പുറത്തായത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി.
ആദ്യപാതി അവസാനിക്കാരിക്കെ സിവേറിയോ ജംഷഡ്പൂരിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ബ്ലാസ്റ്റേഴ്‌സിന് രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നു. സെര്‍നിച്ചിന്റെ ഷോട്ട് പോസ്റ്റില്‍ തെട്ടിത്തെറിച്ചു. ദിമിയുടെ മറ്റൊരു ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി അഞ്ചാമതാണ്. 19 മത്സരങ്ങള്‍ പൂര്‍ത്തിയായി. 20 മത്സരങ്ങളില്‍ 21 പോയിന്റുമായി ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്.
മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ബുധനാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. പിന്നീട് ഏപ്രില്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി മത്സരിക്കും. 12ന് ഹൈദരാബാദ് എഫ്‌സിയുമായിട്ടാണ് അവസാന മത്സരം. സ്വന്തം ഗ്രൗണ്ടില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും എതിരാളികളുടെ ഗ്രൗണ്ടിലാണ്.