ഭംഗിയുള്ള കളിയൊന്നും ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പ്രതീക്ഷിക്കേണ്ട! ആരാധകര്‍ക്ക് കോച്ചിന്റെ മുന്നറിയിപ്പ്
കണ്ഠീരവ സ്റ്റേഡിയത്തില്‍ അവസാന അഞ്ച് കളിയിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. അവസാന ഹോം മത്സരത്തിലും നിരാശയായിരുന്നു ഫലം. ഇതുകൊണ്ടുതന്നെ ബംഗളൂരുവില്‍ പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പേറും.
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ് സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വെള്ളിയാഴ്ച്ച ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സം. ഈ മത്സരത്തിലെ വിജയികള്‍ ലീഗില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ നേരിടും. മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കോച്ച് ഇവാന്‍ വുകോമാനോവിച്ച്.
പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മനോഹര ഫുട്‌ബോള്‍ പ്രതീക്ഷിക്കരുതെന്നാണ് വുകോമനോവിച്ച് പറയുന്നത്. ''പരീക്ഷണങ്ങളുടെ സമയം കഴിഞ്ഞു. പ്ലേ ഓഫില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിമാറും. അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, എങ്ങനെയും ജയിക്കുക മാത്രമാണ് ലക്ഷ്യം. തോറ്റാല്‍ സീസണ്‍ അവസാനിക്കും. എന്നതിനാല്‍ പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകളും ഇതേരീതിയിലാവും കളിക്കുക.'' കോച്ച് പറഞ്ഞു. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നിലെ ആവേശപ്പോരാട്ടം ബംഗളൂരുവിലും ആവര്‍ത്തിക്കാന്‍ ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
കണ്ഠീരവ സ്റ്റേഡിയത്തില്‍ അവസാന അഞ്ച് കളിയിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. അവസാന ഹോം മത്സരത്തിലും നിരാശയായിരുന്നു ഫലം. ഇതുകൊണ്ടുതന്നെ ബംഗളൂരുവില്‍ പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പേറും. ലീഗ് ഘട്ടത്തില്‍ ബംഗളൂരൂവില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒറ്റഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. കൊച്ചിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു.
പ്ലേ ഓഫ് മത്സരത്തിന് മുമ്പ് മഞ്ഞപ്പട ആരാധകര്‍ക്ക് നിര്‍ദേശവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. മത്സരം കാണാനെത്തുന്നവര്‍ നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റില്‍ പറയുന്നു. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബെംഗളൂരുവില്‍ ആരാധകര്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ബാബറിന്‍റെയും കോലിയുടെ വിക്കറ്റുകളാണ് ഇനി തന്‍റെ ലക്ഷ്യമെന്ന് ഹാരിസ് റൗഫ്