'അവസാന ഫൈനലിലും റഫറി പിഴവ് വരുത്തി'; എഐഎഫ്എഫ് നോട്ടീസിനോട് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്ചിന്റെ പ്രതികരണം
കോച്ചിനും ക്ലബിനുമെതിരെ കടുത്ത നടപടിയെടുക്കുമോ എന്നുള്ള ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. നോട്ടീസ് നല്‍കിയതിനോട് കോച്ചിന്റെ പ്രതികരണമെന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
കൊച്ചി: ഐഎസ്എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നല്‍കിയിരുന്നു. കോച്ചിനും ക്ലബിനുമെതിരെ കടുത്ത നടപടിയെടുക്കുമോ എന്നുള്ള ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. നോട്ടീസ് നല്‍കിയതിനോട് കോച്ചിന്റെ പ്രതികരണമെന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വുകോമാനോവിച്ച്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരം പിഴവുകള്‍ പതിവാവകുയാണ്. തോല്‍വിക്ക് ശേഷം ആരാധകരെ ആശ്വസിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിവാദഗോളിനെ കുറിച്ച് മുന്‍ റഫറിമാരുടെ റിപ്പോര്‍ട്ടും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയിട്ടുണ്ട്.'' വുകോമാനോവിച്ച് പറഞ്ഞു.
കോച്ചിനെതിരെ എന്ത് തീരുമാനമെടുക്കുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ചുമത്തുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫിന്റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുത്തു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കുകയായിരുന്നു എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി കെബിഎഫ്സി താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും അദേഹം ഗോളെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോയത്.
ഇന്ത്യ- ഓസീസ് ആദ്യ ഏകദിനം: രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് നായകന്‍; സാധ്യതാ ഇലവന്‍!