ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത് അഞ്ച് മത്സരങ്ങള്‍! ലക്ഷ്യം വ്യക്തമാക്കി പരിശീലകന്‍ വുകോമാനോവിച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്.
കൊച്ചി: എസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ നിര്‍ണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഇരട്ട ഗോളില്‍ 2-0നാണ് മഞ്ഞപ്പട വിജയക്കൊടി പാറിച്ചത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തിരുന്നു. ഇനി എവേ ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ബാക്കിയുള്ള അഞ്ച് കളിയില്‍ നിന്ന് പരമാവധി പോയിന്റ് നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും വുകോമനോവിച്ച് പറഞ്ഞു. ദിമിത്രോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ മൂന്ന് പോയിന്റ് വളരെ നിര്‍ണായകമാണെന്നും വുകോമനോവിച്ച് അഭിപ്രായപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിലെ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും ജയം എളുപ്പമായിരുന്നില്ലെന്ന് കോച്ചിന്റെ പക്ഷം. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്. വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തമത്സരം.
തുടര്‍ന്ന് ചെന്നൈയിന്‍, ബെംഗളൂരു, എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്. ചെന്നൈയിനെയും ഹൈദരാബാദിനെയും കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. നിലവില്‍ മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 16 മത്സരങ്ങളില്‍ 42 പോയിന്റാണ് അവര്‍ക്കുള്ളത്. ഹൈദരാബാദ് രണ്ടാം സ്ഥാനത്തും. 15 മത്സരങ്ങളില്‍ 35 പോയിന്റുണ്ട് ഹൈദരാബാദിന്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാണുള്ളത്.