കളംമാറ്റി ചവിട്ടി കേരള ബ്ലാസ്‌റ്റേഴ്‌സും വുകോമാനോവിച്ചും; ഇനിയുള്ള കളി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ

ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളി വിലക്കും അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Kerala Blasters and Ivan Vukomanovic file appeal against aiff saa

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളി വിലക്കും അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ റഫറി അനുവദിച്ചതിന് പിന്നാലെയായിരുന്നു മത്സരം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് താരങ്ങളെ പിന്‍വലിച്ചത്.

ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പര്‍ കപ്പില്‍ പുതിയ  കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ  ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്‌റ്റേഴിനെ നിലവില്‍ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ഡോവെന്‍ ക്ലബിനൊപ്പം ചേരുന്നത്. ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. 

ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ചു. 2008 മുതല്‍ പരിശീലകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.

സൂപ്പര്‍ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാന്‍ഡ് കപ്പിലും വുകോമാനോവിച്ച് പരിശീലകനാവാന്‍ കഴിയില്ല. ഈ രണ്ട് ടൂര്‍ണമെന്റിലും ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കിയാല്‍ വരുന്ന ഐഎസ്എല്‍ സീസണില്‍ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം. വിലക്കിന് പിന്നാലെ മാപ്പ് പറയാന്‍ ക്ലബും കോച്ചും തയ്യാറായിരുന്നു. ''നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നു.'' ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീം വിശദമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios