മുഹമ്മദ് സലാക്ക് റൊണാള്‍ഡോയെക്കാൾ പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ്; നിഷേധിച്ച് യുര്‍ഗന്‍ ക്ലോപ്പ്
സലാക്കുവേണ്ടി ഞങ്ങളെ ആരും സമീപിച്ചിട്ടില്ല, ഒരു തരത്തിലുള്ള വാഗ്ദാനവും ലഭിച്ചിട്ടുമില്ല. സലാ ഇപ്പോഴും ലിവര്‍പൂള്‍ താരമാണ്-ക്ലോപ്പ് പറഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് അല്‍ ഇത്തിഹാദ് സലായെ സമീപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
ലിവര്‍പൂള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും നെയ്മര്‍ക്കും പിന്നാലെ ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്. സലാക്ക് സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദില്‍ നിന്ന് വമ്പന്‍ വാഗ്ദാനം ലഭിച്ചുവെന്ന വാര്‍ത്തകളും ക്ലോപ്പ് നിഷേധിച്ചു. സലാക്കു വേണ്ടി ആരും ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്നും ക്ലോപ്പ് പറഞ്ഞു. സൗദി ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്‍റ് റാമി അബ്ബാസും നേരത്തെ നിഷേധിച്ചിരുന്നു.
സലാക്കുവേണ്ടി ഞങ്ങളെ ആരും സമീപിച്ചിട്ടില്ല, ഒരു തരത്തിലുള്ള വാഗ്ദാനവും ലഭിച്ചിട്ടുമില്ല. സലാ ഇപ്പോഴും ലിവര്‍പൂള്‍ താരമാണ്-ക്ലോപ്പ് പറഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് അല്‍ ഇത്തിഹാദ് സലായെ സമീപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്ക് 65 മില്യണ്‍ പൗണ്ടിന്‍റെ വാര്‍ഷിക പ്രതിഫലമാണ് സലാക്ക് അല്‍ ഇത്തിഹാദ് വാഗ്ദാനം ചെയ്തത്. ആഴ്ചയില്‍ 1.25 മില്യണ്‍ പൗണ്ടിന്‍റെ പ്രതിഫലമെന്നതായിരുന്നു ഇത്തിഹാദിന്‍റെ വാഗ്ദാനം. സൗദിയിലെ വരുമാനത്തിന് നികുതി നല്‍കേണ്ടാത്തതിനാല്‍ ഇത് കളിക്കാരെ സംബന്ധിച്ചിടത്തോളം മോഹവാഗ്ദാനമാണ്.
കരിയറിൽ മത്സരശേഷം മെസി ജേഴ്സി ചോദിച്ചുവാങ്ങിയത് ഒരേയൊരു റയൽ താരത്തോട് മാത്രം; അത് പക്ഷെ റൊണാൾഡൊയല്ല
ഇതിന് പുറമെ ഡേവിഡ് ബെക്കാം മേജര്‍ സോക്കര്‍ ലീഗിലേക്ക് മാറുമ്പോള്‍ നല്‍കിയതുപോലെ ഭാവിയില്‍ ക്ലബ്ബില്‍ ഓഹരി പങ്കാളിത്തവും സലാക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേജര്‍ സോക്കര്‍ ലീഗിലെത്തിയ ബെക്കാം ഇന്‍റര്‍ മയാമി ക്ലബ്ബിന്‍റെ ഉടമകളില്‍ ഒരാളാവുകയും ഈ സീസണില്‍ ലിയോണല്‍ മെസിയെ മയാമിയിലെത്തിക്കുകയും ചെയ്തു. സൗദിയിലെ ട്രാന്‍സ്ഫര്‍ ജാലകം സെപ്റ്റംബര്‍ 20വരെ നീളുമെന്നതിനാല്‍ തീരുമാനമെടുക്കാന്‍ സലാക്ക് മുന്നില്‍ ഇനിയും സമയമുണ്ട്.
പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ സലായെ പരിശീലകൻ യുര്‍ഗൻ ക്ലോപ്പ് മുഴുവന്‍ സമയവും കളിപ്പിച്ചിരിന്നില്ല. 77-ാം മിനിറ്റിൽ തിരിച്ചുവിളിച്ചതിൽ താരം കോച്ചിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോര്‍ഡുകൾ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.
തുടര്‍ച്ചയായ ഏഴാം സീസണിലും ആദ്യ മത്സരത്തിൽ തന്നെ ഗോളടിക്കുക. പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതാരമാവുക. എന്നീ റെക്കോര്‍ഡുകളാണ് കയ്യെത്തും ദൂരത്ത് നഷ്ടമായത്. എന്നാൽ റെക്കോര്‍ഡുകളല്ല. മത്സരം ജയിക്കുകയാണ് തനിക്ക് പ്രാധാന്യമെന്നും ഇപ്പോൾ തന്നെ സലായുടെ പേരിൽ 500 റെക്കോര്‍ഡുകള്‍ ഉണ്ടാവുമെന്നായിരുന്നു ക്ലോപ്പ് അന്ന് പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷം ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നും സൗദി ക്ലബുകളുമായി ചര്‍ച്ച തുടങ്ങാൻ താരം ഗ്രീൻ സിഗ്നൽ നൽകിയെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
അൽ ഇത്തിഹാദ് ക്ലബിന്‍റെ വൈസ് പ്രസിഡന്‍റ് മുഹമ്മദ് സലായെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതും അഭ്യൂഹങ്ങൾ വര്‍ദ്ധിപ്പിച്ചിരുന്നു. സൗദി പ്രോ ലീഗിലെ നിലവിലെ ചാംപ്യന്മാരായ അൽ ഇത്തിഹാദ് ഇതിനോടകം തന്നെ കരീം ബെൻസേമ, എൻകോളോ കാന്‍റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചിട്ടുണ്ട്.
മറ്റുടീമുകളിലും വമ്പൻ താരങ്ങൾ എത്തിയതോടെ കിരീടം നിലനിര്‍ത്താൻ സലായെ പോലൊരു താരത്തെ കൂടി എത്തിക്കാനാണ് അൽ ഇത്തിഹാദിന്‍റെ നീക്കം. 2017ൽ റോമയിൽ നിന്ന് ലിവര്‍പൂളിലെത്തിയ സലാ ആകെ 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. ലിവര്‍പൂളിന്‍റെ പ്രീമിയര്‍ ലീഗ്, ചാംപ്യൻസ് ലീഗ് കിരീട നേട്ടങ്ങളും നിര്‍ണായക സ്ഥാനമുണ്ട് മുഹമ്മദ് സലായ്ക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക