പ്രീമിയര്‍ ലീഗ് കിരീടം മറ്റാരും സ്വപ്‌നം കാണേണ്ട! വിജയികളെ പ്രവചിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ്
കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഇതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായി. സിറ്റിക്കൊപ്പം ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ എന്നിവരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരെ പ്രവചിച്ച് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. മറ്റ് ടീമുകള്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി പോരാടേണ്ടി വരുമെന്നും ക്ലോപ്പ് പറഞ്ഞു. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ്. മിക്കപ്പോഴും ചാംപ്യന്‍മാരെ നിശ്ചയിക്കാന്‍ അവസാന റൗണ്ട് മത്സരങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരും. എങ്കിലും ഇത്തവണയും മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുമെന്നാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ പ്രവചനം.
ക്ലോപ്പ് വിശദീകരിക്കുന്നതിങ്ങനെ... ''ഏറ്റവും സന്തുലിതമായ, മികച്ച പരിശീലകനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടക്കുക എളുപ്പമല്ല. മറ്റ് ടീമുകള്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് കളിക്കേണ്ടിവരും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും സിറ്റിയുമായുള്ള അകലം കുറച്ചാലും മാത്രമേ കിരീട സാധ്യതയുള്ളൂ. രണ്ടാം സ്ഥാനക്കാര്‍ ആരായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.'' ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
ഇതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായി. ചാംപ്യന്‍മാരായ സിറ്റിക്കൊപ്പം ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.
ഹാരി കെയ്ന്‍ ബയേണില്‍
മ്യൂണിക്ക്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക്. പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന് 911 കോടി രൂപ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് ബേയണ്‍ ഹാരി കെയ്‌നെ സ്വന്തമാക്കിയത്. ടോട്ടനവുമായി ഒരുവര്‍ഷ കരാര്‍ ബാക്കി നില്‍ക്കേയാണ് കെയ്‌ന്റെ കൂടുമാറ്റം. ക്ലബിനായി 435 മത്സരങ്ങളില്‍ നിന്ന് 280 ഗോളുകള്‍ നേടിയിട്ടുണ്ട്.
നിരവധി വര്‍ഷങ്ങള്‍ ടോട്ടനത്തില്‍ കളിച്ചെങ്കിലും പ്രധാനപ്പെട്ട ട്രോഫികളൊന്നും നേടാന്‍ കഴിയാത്തതിനാലാണ് മുപ്പതുകാരനായ കെയ്ന്‍ ബയേണ്‍ മ്യുണിക്കിലേക്ക് ചേക്കേറുന്നത്. മൂന്നുതവണ പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായ കെയ്ന്‍ പ്രീമിയര്‍ ലിഗില്‍ മാത്രം 320 മത്സരങ്ങളില്‍ നിന്ന് ടോട്ടനത്തിനായി 213 ഗോള്‍ നേടിയിട്ടുണ്ട്.