സാഫ് കപ്പ് കിരീടം നേടിയശേഷം മെയ്തി പതാകയണിഞ്ഞ് വിജയാഘോഷം, വിശദീകരണവുമായി ജീക്സണ്‍ സിംഗ്
ഒരൊറ്റ മനസുമായി രാജ്യത്തിനായി കളിക്കേണ്ട താരം മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഒരു വിഭാഗത്തെ പിന്തുണച്ചെന്നും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് വിമര്‍ശനം. താരത്തിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ബെംഗലൂരു:സാഫ് കപ്പ് വിജയാഘോഷത്തിനിടെ മെയ്തി പതാകയണിഞ്ഞ ഇന്ത്യൻ താരം ജീക്സണ്‍ സിംഗ് വിവാദത്തിൽ. വിഘടനവാദത്തെ താരം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. അതേസമയം മണിപ്പൂരിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശ്രമിച്ചതെന്നാണ് ജീക്സണ്‍ സിംഗിന്‍റെ വിശദീകരണം.
സാഫ് കപ്പ് വിജയത്തിന് ശേഷമുള്ള ഇന്ത്യൻ ടീമിന്‍റെ വിക്ടറി പരേഡിലാണ് മീഡ് ഫീൽഡര്‍ ജീക്സണ്‍ സിംഗ് മെയ്തി പതാക പുതച്ചെത്തിയത്. വിജയികൾക്കുള്ള മെഡൽ സ്വീകരിക്കാനെത്തിയപ്പോഴും ഈ പതാകയുണ്ടായിരുന്നു. മണിപ്പൂരിലെ മെയ്തി വിഭാഗക്കാരുടെ ഏഴ് രാജവംശങ്ങളെ സൂചിപ്പിക്കുന്ന സപ്തവര്‍ണ പതാകയാണ് താരം അണിഞ്ഞത്. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം.
ഒരൊറ്റ മനസുമായി രാജ്യത്തിനായി കളിക്കേണ്ട താരം മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഒരു വിഭാഗത്തെ പിന്തുണച്ചെന്നും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് വിമര്‍ശനം. താരത്തിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇന്നലെ നടന്ന സാഫ് കപ്പ് ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കുവൈറ്റിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.
എന്നാൽ മണിപ്പൂരിലെ പ്രശ്നങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശ്രമിച്ചതെന്നാണ് ജീക്സണ്‍ സിംഗിന്‍റെ വിശദീകരണം. താൻ അണിഞ്ഞത് മണിപ്പൂരിന്റെ പതാകയാണ്. രാജ്യത്തേയും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ഇരിക്കണം. കഴിഞ്ഞ രണ്ട് മാസമായി അവിടെ പ്രശ്നമാണ്. ആ അവസ്ഥ മാറേണ്ടതുണ്ട്. താനും കുടുംബവും സുരക്ഷിതമാണ്. എന്നാൽ ഒരുപാട് കുടുംബങ്ങൾ കഷ്ടത അനുഭവിക്കുന്നുണ്ട്.
പലര്‍ക്കും വീട് നഷ്ടമായി.ഇക്കാര്യങ്ങൾ സര്‍ക്കാരിന്റെയും എല്ലാവരുടെയും ശ്രദ്ധ ഈ വിഷയത്തിൽ കൊണ്ടുവരാനാണ് താൻ പതാക പുതച്ചതെന്നും ജീക്സണ്‍ സിംഗ് പറയുന്നു. രാഷ്ട്രീയ സന്ദേശങ്ങൾ കളത്തിൽ പ്രകടിപ്പിക്കുന്നതിനെ ഫിഫ വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജീക്സണെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ത് നടപടിയെടുക്കുമെന്ന ആകാംഷ നിലനിൽക്കുകയാണ്.