ബ്ലാക് മങ്കിയെന്ന് വിളിച്ചു, കല്ലെറിഞ്ഞു, സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു: അരീക്കോട് മര്‍ദ്ദിക്കപ്പെട്ട വിദേശ താരം
കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസ്സൻ
മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ അതിക്രമം നടന്നെന്ന് വിദേശ ഫുട്ബോൾ താരം. കാണികൾ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപ്പിക്കുകയാണ് ചെയ്തതെന്നും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാൻ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസ്സൻ പറഞ്ഞു.
മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.