മാന്‍സീനിയുടെ പുതിയ ഇറ്റലി! ബെല്‍ജിയവും തീര്‍ന്നു, സെമിയില്‍ സ്‌പെയ്‌നിനെതിരെ
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. നിക്കോളോ ബരേല, ലൊറന്‍സൊ ഇന്‍സീന്യ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. റൊമേലു ലുകാകുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്‍റെ ഏക ഗോള്‍.
മ്യൂണിക്ക്: ഫിഫ റാങ്കിംഗിലെ ഒന്നാം നമ്പറുക്കാരായ ബെല്‍ജിയത്തെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. നിക്കോളോ ബരേല, ലൊറന്‍സൊ ഇന്‍സീന്യ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. റൊമേലു ലുകാകുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്‍റെ ഏക ഗോള്‍. സെമിയില്‍ സ്‌പെയ്‌നാണ് ഇറ്റലിയുടെ എതിരാളി.
മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ഇറ്റലി ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴ്‌പ്പെടുത്തി. ലൊറന്‍സൊ ഇന്‍സീനെ ബോക്‌സിലേക്ക് നല്‍കിയ ഫ്രീകിക്ക് ലിയണാര്‍ഡോ ബൊനൂച്ചി വലയിലെത്തിച്ചു. എന്നാല്‍ വീഡിയോ പരിശോധനയില്‍ ഓഫ് സൈഡിലായിരുന്ന ജിയോവാനി ഡി ലൊറന്‍സോയുടെ സ്പര്‍ശമുണ്ടെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു.
22-ാം മിനിറ്റില്‍ ബെല്‍ജയത്തിന് ആദ്യ അവസരം. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് കെവന്‍ ഡി ബ്രൂയ്‌നെ വളച്ചിട്ട ഒരു ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുഗി ഡോണരുമ ഒരു മുഴുനീള ഡൈവില്‍ പുറത്തേക്ക് തട്ടിയിട്ടു. 26-ാം മിനിറ്റില്‍ ഗോളെന്നുറച്ച മറ്റൊരു സേവും ഡൊണരുമ നടത്തി. ഇത്തവണ റൊമേലു ലുകാകുവിന്റെ നിലംപറ്റെയുള്ള ഷോട്ടാണ് കൈപ്പിടിയിലൊതുക്കിയത്.
31-ാം മിനിറ്റില്‍ ബരേല ഇറ്റലിക്ക് ലീഡ് നല്‍കി. സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ വരുതിയിലാക്കി. എന്നാല്‍ വെര്‍ട്ടോഗന്റെ ഒരു മിസ് പാസ് മാര്‍കോ വൊറാറ്റിയുടെ കാലിലേക്ക്. വെറാറ്റി ബരേല്ലയ്ക്ക്. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബരേല്ല ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ക്വോര്‍ട്ടുവായെ കീഴടക്കി.
44-ാം മിനിറ്റില്‍ ഇറ്റലി ലീഡുയര്‍ത്തി. ഇന്‍സീന്യയുടെ തകര്‍പ്പന്‍ ഗോള്‍. മധ്യവരയില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി വന്ന ഇന്‍സീന്യ ബോക്‌സിന് പുറത്ത് നിന്ന് വലങ്കാലുകൊണ്ടെ് തൊടുത്തിട്ട പന്ത് മഴവില്ല് കണക്കെ ബെല്‍ജിയന്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബെല്‍ജിയം ഒരു ഗോള്‍ തിരിച്ചടിച്ചു. ജെറമി ഡോകുവിനെ ബോക്‌സില്‍ ഡി ലൊറന്‍സൊ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ലുകാകുവിന് പിഴച്ചില്ല. സ്‌കോര്‍ 2-1.
രണ്ടാം പകുതിയില്‍ സമനില ഉറപ്പിക്കാനുള്ള ചില അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചു. 61-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം ലുകാകു പാഴാക്കി. ഡോകുവിന്റെ ക്രോസില്‍ ലഭിച്ച ടാപ് ഇന്‍ അവസരം എങ്ങനെയാണ് താരം നഷ്ടമാക്കിയതെന്ന് ആരാധകരില്‍ ആശ്ചര്യമുണ്ടാക്കി. ഡോകു ചില നീക്കങ്ങള്‍ നടത്തിയെങ്കില്‍ ഇറ്റാലിയന്‍ പ്രതിരോധം കുലുങ്ങിയില്ല.