ISL :ബെഗലൂരുവിനെ വീഴ്ത്തി മുംബൈ തലപ്പത്ത്, പെനല്‍റ്റി നഷ്ടമാക്കി ഛേത്രി
തുടക്കത്തിലെ ആക്രമിച്ചു കളിച്ച മുംബൈ തന്നെയാണ് ആദ്യ അവസരവും സൃഷ്ടിച്ചത്. ഒമ്പതാം മിനിറ്റില്‍ അലന്‍ കോസ്റ്റ ബോക്ലില്‍വെച്ച് പന്തു കൈകൊണ്ട് സ്പര്‍ശിച്ചതിന് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു.
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ബെംഗലൂരു എഫ്‌സിയെ(Bengaluru FC) വീഴ്ത്തി വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സി(Mumbai City FC). ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. നാലു കളികളില്‍ മൂന്നാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ ബെംഗലൂരു ഏഴാം സ്ഥാനത്ത് തുടരുന്നു.
തുടക്കത്തിലെ ആക്രമിച്ചു കളിച്ച മുംബൈ തന്നെയാണ് ആദ്യ അവസരവും സൃഷ്ടിച്ചത്. ഒമ്പതാം മിനിറ്റില്‍ അലന്‍ കോസ്റ്റ ബോക്ലില്‍വെച്ച് പന്തു കൈകൊണ്ട് സ്പര്‍ശിച്ചതിന് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്ക് എടുത്ത ഇഗോര്‍ അംഗൂളക്ക് പിഴച്ചില്ല. തുടക്കത്തിലെ ഒരടി മുന്നിലെത്തിയ മുംബൈയെ പിടിച്ചു കെട്ടാന്‍ ബെംഗലൂരു ആക്രമണം കനപ്പിച്ചു.
അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഇരുപതാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് ക്ലൈറ്റണ്‍ സില്‍വ ബെംഗലൂരുവിന് സമനില സമ്മാനിച്ചു. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ലീഡെടുക്കാന്‍ ബെംഗലൂരുവിന് അവസരം ലഭിച്ചതാണ്. എഡ്മണ്ടിനെ മന്ദര്‍ ദേശായി ബോക്സില്‍ ഫൗള്‍ ചെയ്യതിന് ലഭിച്ച സ്പോട് കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പാഴാക്കി. ഛേത്രിയുടെ പെനല്‍റ്റി മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അഹമ്മദ് ജാഹോ ഫ്രീ കിക്കില്‍ നിന്ന് ഹെഡ്ഡര്‍ ഗോളിലൂടെ മൗര്‍ത്താദോ ഫാള്‍ മുംബൈയെ മുന്നിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ബെംഗലൂരുവിന്‍റെ ശ്രമം പലപ്പോഴും പരുക്കനായി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പോലും മഞ്ഞക്കാര്‍ഡ് കണ്ടു. 85-ാം മിനിറ്റില്‍ ഇഗോര്‍ അംഗൂളോയുടെ ഗോള്‍ ശ്രമം തടുത്തിട്ട ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ ശ്രമത്തിന് പിന്നാലെ റീബൗണ്ടില്‍ പന്ത് വലയിലാക്കി യഗോര്‍ കറ്റാറ്റൗ മുംബൈയുടെ ജയമുറപ്പിച്ച് മൂന്നാം ഗോളും നേടി.