ISL : ആവേശപ്പോരില്‍ നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ചെന്നൈ
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ആറ് പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്.
ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(Northeast United FC) ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി(Chennaiyin FC) ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ലാല്‍ ചാങ്തെയും(Lallianzuala Chhangte) അനിരുദ്ധ് ഥാപ്പയും(Anirudh Thapa) ചെന്നൈയിനായി സ്കോര്‍ ചെയ്തപ്പോള്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്‍റെ(Vishal Kaith) സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ തോല്‍വിഭാരം കുറച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ആറ് പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്.
ആദ്യ പകുതിയില്‍ ആക്രമണങ്ങളില്‍ മുന്‍തൂക്കം ചെന്നൈയിനായിരുന്നെങ്കിലും പന്തടക്കത്തിലും പാസിംഗിലും നോര്‍ത്ത് ഈസ്റ്റിനായിരുന്നു ആധിപത്യം. ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതും നോര്‍ത്ത് ഈസ്റ്റായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ കമാറയുടെ ലോംഗ് ബോള്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് അനായാസം കൈയിലൊതുക്കി.
പിന്നീട് പതുക്കെ കളം പിടിച്ച ചെന്നൈയിന്‍ ചാങ്തെയിലൂടെ ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി. പതിനാലാം മിനിറ്റില്‍ ലക്ഷ്യത്തിലേക്ക് പായിച്ച ചാങ്തെയുടെ ഷോട്ട് സുഭാശിഷ് റോയ് കൈയിലൊതുക്കി. പതിനേഴാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനും അവസരമൊരുങ്ങി. ഗലേഗോയുടെ സുന്ദരമായ പാസില്‍ നിന്ന് കൊറേയര്‍ തൊടുത്ത ഷോട്ട് കൈത്തിന്‍റെ കൈയില്‍ സുരക്ഷിതമായി.
27ാം മിനിറ്റില്‍ വി പി സുഹൈറിന്‍റെ ഷോട്ടും കെയ്ത്ത് കൈയിലൊതുക്കി. പിന്നീട് ഇരു ടീമിനും അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ആയില്ല. ഒടുവില്‍ ആദ്യ പകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ ബോക്സിനകത്തു നിന്ന് ചാങ്തെയുടെ വലങ്കാലനടി നോര്‍ത്ത് ഈസ്റ്റ് വല കുലുക്കി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. 50-ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിന്‍റെ ലോംഗ് ത്രോ പിടിച്ചെടുക്കുന്നതില്‍ വിശാല്‍ കൈയ്ത്തിന് പിഴച്ചപ്പോള്‍ പന്ത് വലയിലായി. ആദ്യം മലയാളി താരം വി പി സുഹൈറാണ് ഗോളടിച്ചതെന്ന് കരുതിയെങ്കിലും പിന്നീട് കെയ്ത്തിന്‍റെ സെല്‍ഫ് ഗോളായിരുന്നു അതെന്ന് വ്യക്തമായി.
63-ാം മിനിറ്റില്‍ മിര്‍ലാന്‍ മുര്‍സേവ് നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചെങ്കിലും പന്തില്‍ ടച്ച് ചെയ്ത റഹീം അലി ഓഫ് സൈഡായിരുന്നതിനാല്‍ ഗോള്‍ അനുവദിച്ചില്ല. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിന്‍റെ ഹെര്‍നാന്‍ സന്‍റാനയുടെ ഗോളെന്നുറച്ച ഷോട്ട് വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ മുര്‍സേവിന്‍റെ ഏരിയല്‍ ബോള്‍ ഹെഡ് ചെയ്ത് വലയിലാക്കുന്നതില്‍ റഹീം അലിക്ക് പിഴച്ചു. ചെന്നൈ ആക്രമണം കനപ്പിച്ചതോടെ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന പ്രതീതിയായി. അതിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. 74-ാം മിനിറ്റില്‍ ചെന്നൈ നായകന്‍ അനിരുദ്ധ് ഥാപ്പ തന്നെ വലങ്കാനടിയിലൂടെ ചെന്നൈക്ക് ലീഡ് സമ്മാനിച്ചു. പന്തടക്കത്തിലും പാസിംഗിലും ലക്ഷ്യത്തിലേക്ക് പായിച്ച ഷോട്ടുകളിലുമെല്ലാം ഒപ്പം നിന്നിട്ടും നോര്‍ത്ത് ഈസ്റ്റിന് ചെന്നൈയിനെ കീഴടക്കാനായില്ല.