'സീസണിലെ ഏറ്റവും മോശം പ്രകടനം'; എല്ലാം സമ്മതിച്ച് ഇവാൻ വുകോമനോവിച്ച്, ടീമിന് രൂക്ഷ വിമര്‍ശനം

സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നപ്പോൾ ഹോം ഗ്രൗണ്ടിൽ സീസണിലെ ആദ്യ തോൽവി നേരിടുകയായിരുന്നു

ISL 2023 24 Weakest performance in the season Kerala Blasters head coach Ivan Vukomanovic rate lose against Punjab FC

കൊച്ചി: ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. ഈ പ്രകടനമാണ് നടത്തുന്നതെങ്കിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്നും വുകോമനോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നപ്പോൾ ഹോം ഗ്രൗണ്ടിൽ സീസണിലെ ആദ്യ തോൽവി നേരിടുകയായിരുന്നു. താരങ്ങളുടെ പ്രകടനത്തിൽ കോച്ച് ഇവാൻ വുകോമനോവിച്ച് തീർത്തും നിരാശനാണ്. 'പഞ്ചാബിനെതിരെ പുറത്തെടുത്ത കളിയുമായി ആദ്യ നാലിൽ തുടരാൻ ബ്ലാസ്റ്റേഴ്സിന് യോഗ്യതയില്ല. പിഴവുകൾ പരിഹരിച്ച് വിജയവഴിയിൽ തിരിച്ചെത്തി ആരാധകർക്ക് സന്തോഷം തിരികെ നൽകാൻ പരിശ്രമിക്കും' എന്നും വുകോമനോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈമാസം ഇരുപത്തിയഞ്ചിന് ഗോവയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരം.

ഐഎസ്എൽ 2023-24 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നാലാം തോൽവി നേരിടുകയായിരുന്നു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്സി 3-1ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ഈ സീസണിൽ മഞ്ഞപ്പട ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത് ഇതാദ്യമായാണ്. 39-ാം മിനുട്ടിൽ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾ വഴങ്ങിയത്. 42, 61 മിനുട്ടുകളിൽ വിൽമർ ജോർഡാനും എൺപതിയെട്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോൾ സ്കോറർമാർ. നിലവിൽ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.

അതേസമയം തിരിച്ചടി നേരിടുമ്പോഴാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കേണ്ടതെന്ന് മുൻ താരവും മലയാളിയുമായ സി കെ വിനീത് പറ‍ഞ്ഞു. പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സ് തീർത്തും നിരാശപ്പെടുത്തിയെന്ന് മുൻ താരങ്ങളായ എ.പി പ്രദീപും മുഹമ്മദ് റാഫിയും റിനോ ആന്‍റോയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read more: മൂന്നടിയില്‍ മൗനിയായി കൊച്ചി; പഞ്ചാബ് എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, ആദ്യ ഹോം മാച്ച് തോല്‍വി

Latest Videos
Follow Us:
Download App:
  • android
  • ios