'ചതിയന്‍ ചന്തുവാണ് ഛേത്രി'; ആദ്യ വെടി പൊട്ടിച്ചത് ബിഎഫ്സി, തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, കളി കാര്യമാകും
കിക്കോഫിന് മുമ്പ് സോഷ്യല്‍ മീഡിയ യുദ്ധം, ഏറ്റുമുട്ടി കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും
ബെംഗളൂരു: 2023 മാർച്ച് മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മറക്കാനാവില്ല. ഐഎസ്എല്‍ എലിമിനേറ്ററില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ബന്ധവൈരികളായ ബെംഗളൂരു എഫ്‌സിയുടെ സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും പിന്നാലെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ബഹിഷ്‌കരണവും അന്ന് കെബിഎഫ്‌സി-ബിഎഫ്‌സി മത്സരത്തെ നാടകീയമാക്കി. ഇതില്‍ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും ലഭിച്ച സംഭവങ്ങള്‍ക്ക് ശേഷം ഐഎസ്എല്ലിൽ വീണ്ടും നേർക്കുനേർ പോരിനിറങ്ങുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ കൊമ്പുകോർത്തിരിക്കുകയാണ് അയല്‍ക്കാരായ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടുമ്പോൾ കളത്തിനകത്തും പുറത്തും ആവേശം നിറയുന്നത് പതിവാണ്. കഴിഞ്ഞ വർഷത്തെ വിവാദ ഗോളും തുടർന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു പോരിന്‍റെ വീറും വാശിയും ഇരട്ടിയാക്കി. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ഇത്തവണ രണ്ടാംപാദ മത്സരത്തിനിറങ്ങും മുന്നേ ഇരുടീമും സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റുമുട്ടിക്കഴിഞ്ഞു. ബെംഗളൂരു എഫ‌്‌സിയാണ് സോഷ്യല്‍ മീഡിയ വാറിന് തുടക്കമിട്ടത്. 'സുനില്‍ ഛേത്രി ചിലരുടെ ഹൃദയം നുറുക്കി, പക്ഷേ നിയമമല്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു ബിഎഫ്‌സിയുടെ പോസ്റ്റ്.
സുനില്‍ ഛേത്രിയുടെയും ബെംഗളൂരുവിന്‍റെയും ചതിയും കൊച്ചിയിലെ വിജയവും ഓർമിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ കിടിലൻ മറുപടിയും തൊട്ടുപിന്നാലെയെത്തി.
ഇക്കുറി ആദ്യപാദത്തില്‍ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ വിലക്കിലായിരുന്ന കോച്ച് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിനൊപ്പം ഡഗ് ഔട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ബെംഗളൂരൂവിനെതിരെ ഇവാന്‍റെ തിരിച്ചുവരവുകൂടിയാണ് രണ്ടാംപാദ മത്സരം. കൊച്ചിയിലെ ആദ്യപാദത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം. കെസിയയുടെ ഓണ്‍ഗോള്‍ മത്സരത്തിന്‍റെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചിരുന്നു. 69-ാം മിനുറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി. 90-ാം മിനുറ്റില്‍ കര്‍ട്ടിസ് മെയിനിലൂടെയായിരുന്നു ബിഎഫ്‌സിയുടെ ഏക മടക്ക ഗോള്‍.