അപ്പോള്‍ നാളെ കാണാം; ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസണ്‍- വീഡിയോ
നാളെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും കലൂര്‍ സ്റ്റേഡിയത്തിലെത്തും
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ അവസാന ഹോം മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് എഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ജയിച്ചിരുന്നു. അവസാന രണ്ട് കളിയും തോറ്റ ബ്ലാസ്റ്റേഴ്‌സും പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദും നേരത്തേ തന്നെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചാണ് ഹൈദരാബാദ് ചാമ്പ്യൻമാരായത്.
നാളെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും കലൂര്‍ സ്റ്റേഡിയത്തിലെത്തും. ബ്ലാസ്റ്റേഴ്‌സിന്‍റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെയാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്. കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്ന് സഞ്ജു അന്ന് പ്രതികരിച്ചിരുന്നു. സീസണിലെ അവസാന ഹോം മത്സരത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഞ്ജുവിന്‍റെ വീഡിയോ പുറത്തുവന്നു. 'നമ്മുടെ കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്‌ക്കാന്‍ ഞാനുണ്ടാവും, എന്‍റെ കൂടെ നിങ്ങള്‍ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം' എന്നാണ് ആരാധകര്‍ക്ക് സഞ്ജുവിന്‍റെ സ്വാഗതം. 'അപ്പോള്‍ നാളെ കാണാം' എന്ന തലക്കെട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നാളത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരത്തോടെ ഐഎസ്എല്‍ ഒന്‍പതാം സീസണിലെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് രണ്ടിനാണ് പ്ലേ ഓഫ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഒരു മത്സരം അവശേഷിക്കേ 31 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഐഎസ്എല്‍ ഫൈനല്‍.
സഞ്ജു സാംസണ്‍ ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍; താരത്തിന്റെ പ്രതികരണമിങ്ങനെ