'പ്രിയ ഇവാൻ, നിങ്ങൾ തന്നെയാണ് ശരി, നിങ്ങൾ മാത്രമാണ് ശരി'; വുകോമനോവിച്ചിനെ വാഴ്ത്തി സ്പോർട്‍സ് എഴുത്തുകാരന്‍
നെറികേടിനെതിരെ പ്രതിഷേധിച്ചു, അന്തസ്സോടെ നിലപാട് ഉയർത്തിപ്പിടിച്ചു, വുകോമനോവിച്ചിനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇവാനെയും ബ്ലാസ്റ്റേഴ്സിനെയും നിരുപാധികം പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം എന്നും കുറിപ്പില്‍.
ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളാണ് ഫുട്ബോള്‍ ചർച്ചകളിലെ ഹോട്ട് ടോപിക്. എക്സ്‍ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീകിക്ക് തടയാന്‍ മതില്‍ കെട്ടും മുമ്പ് പന്തടിച്ച് വലയിലാക്കി സുനില്‍ ഛേത്രി ബെംഗളൂരുവിനെ സെമിയിലേക്ക് കടത്തിവിടുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് ഇവാന്‍ വുകോമനോവിച്ചും സംഘവും പാതിവഴിയില്‍ മത്സരം ബഹിഷ്കരിച്ച് കളംവിട്ടതിനോട് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കായിക എഴുത്തുകാരനായ സന്ദീപ് ദാസ്. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ നെറികേടിനെതിരെ പ്രതിഷേധിച്ചു. അദേഹത്തിന്‍റെ തീരുമാനം അഭിമാനകരമാണ് എന്നും സന്ദീപ് എഴുതി.
സന്ദീപ് ദാസിന്‍റെ കുറിപ്പ്
ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനെക്കുറിച്ച് ഓർക്കുമ്പോൾ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. ഇവാൻ കൈക്കൊണ്ട തീരുമാനത്തിൻ്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി സംഭവിച്ചു. ഒരുപക്ഷേ മഞ്ഞപ്പടയ്ക്ക് വലിയ ശിക്ഷയും ലഭിച്ചേക്കാം. എങ്കിലും ഇവാനെയും ബ്ലാസ്റ്റേഴ്സിനെയും നിരുപാധികം പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം.
ഇവാൻ ചെയ്തത് എന്താണ്?
നമ്മുടെ കോച്ച് നെറികേടിനെതിരെ പ്രതിഷേധിച്ചു. അന്തസ്സോടെ നിലപാട് ഉയർത്തിപ്പിടിച്ചു. ആത്മാഭിമാനം സംരക്ഷിച്ചു. ഈ വക കാര്യങ്ങളെല്ലാം ഒരു കളിയുടെ റിസൽട്ടിനേക്കാൾ വലുതാണ്. അതുകൊണ്ട് ഇവാൻ പ്രശംസ അർഹിക്കുന്നു. സുനിൽ ഛേത്രി ഫ്രീകിക്ക് പായിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങൾ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല. ഗോൾകീപ്പർ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി. തൻ്റെ ഗോളിനെക്കുറിച്ചുള്ള സാങ്കേതികമായ ന്യായീകരണങ്ങൾ ഛേത്രിയ്ക്ക് നിരത്താവുന്നതാണ്. അദ്ദേഹത്തിന് ക്വിക് ഫ്രീ കിക്കിനെക്കുറിച്ച് വാചാലനാകാം. റഫറിയുടെ സമ്മതം ചോദിച്ചിട്ടാണ് കിക്ക് എടുത്തത് എന്ന് വാദിക്കാം. പക്ഷേ ആ ഗോളിൽ സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.
പണ്ട് ക്രിക്കറ്റിൽ ഓസ്ട്രേലിയ ന്യൂസിലാൻഡിനെതിരെ അണ്ടർ ആം ബോളിങ്ങിലൂടെ ടൂർണ്ണമെൻ്റ് ജയിച്ചിട്ടുണ്ട്. അക്കാലത്ത് അണ്ടർ ആം ബോളിങ്ങ് ക്രിക്കറ്റിൽ നിയമവിധേയമായിരുന്നു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി കളി ജയിച്ചു. പക്ഷേ ഗ്രെഗ് ചാപ്പലിൻ്റെ സഹോദരനായ ഇയാൻ ചാപ്പൽ പോലും ആ വിജയത്തെ തള്ളിപ്പറയുകയാണ് ചെയ്തത്! കാരണമെന്താണ്? കളിയിൽ സ്പോർട്സ്മാൻ സ്പിരിറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യയിൽ ഫുട്ബോളിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് സുനിൽ ഛേത്രി പലതവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി നേടിയ ഗോൾ ഒരു നല്ല മാതൃകയാണോ? ഇത്തരം നീക്കങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തളർത്തുകയല്ലേ ചെയ്യുക? കളി ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിൻ്റെ തീരുമാനം അപക്വമായി എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരക്കാർ ഒരു കാര്യം മനസ്സിലാക്കണം. സ്പോർട്സിൽ ആനന്ദത്തിനുമാത്രമല്ല, പ്രതിഷേധത്തിനും ഇടമുണ്ട്. വർണ്ണവെറിയോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി വലൻസിയ, ജർമ്മനി മുതലായ ടീമുകൾ ഫുട്ബോൾ മൈതാനത്തിൽനിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം മോഹൻ ബഗാൻ പോലും പണ്ട് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അർജ്ജുന രണതുംഗ എന്ന ക്യാപ്റ്റൻ അധികാരികളോട് കലഹിച്ചതുമൂലമാണ് മുത്തയ്യ മുരളീധരൻ ഇതിഹാസതുല്യനായ ബോളറായി മാറിയത്. അമ്പയർക്കെതിരെ പ്രതിഷേധിക്കുന്ന ടെന്നീസ് താരങ്ങളെയും നമുക്ക് പരിചയമുണ്ട്. അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന ആഫ്രിക്കക്കാരൻ കൊല്ലപ്പെട്ടപ്പോൾ കായികലോകം കണ്ണുനീർ പൊഴിച്ചിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് മുട്ടുകുത്തി നിന്ന് കറുത്ത വർഗ്ഗക്കാരോട് ഐക്യപ്പെടുന്ന സ്പോർട്സ് താരങ്ങളെ നാം പതിവായി കാണുന്നതല്ലേ? ഈ സാഹചര്യത്തിൽ എന്തിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ബഹിഷ്കരണത്തെ എതിർക്കുന്നത്?
ഐഎസ്എല്ലിലെ റഫറീയിങ്ങ് ഒരുപാട് മെച്ചപ്പെടാനുണ്ട്. ചില കണ്ണുകൾ തുറപ്പിക്കാൻ വലിയ കലഹങ്ങളും പ്രതിഷേധങ്ങളും ആവശ്യമായി വരും. ബ്ലാസ്റ്റേഴ്സിൻ്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം. ഒരുപാട് ടീമുകൾ അതിൻ്റെ ഗുണഫലങ്ങൾ അനുഭവിച്ചേക്കാം. പ്രിയ ഇവാൻ, നിങ്ങൾ തന്നെയാണ് ശരി. നിങ്ങൾ മാത്രമാണ് ശരി...