ഐഎസ്എല്‍: ഹൈദരാബാദ്-എടികെ ആദ്യപാദ സെമി ഗോള്‍രഹിതം
രണ്ടാംപകുതിയിലും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു
ഹൈദരാബാദ്: ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്സി-എടികെ മോഹന്‍ ബഗാന്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ സെമിയുടെ ആദ്യപാദത്തിന് ഹൈദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും 4-2-3-1 ശൈലിയിലാണ് മൈതാനത്തിറങ്ങിയത്. ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. രണ്ടാംപകുതിയില്‍ പോരാട്ടവീര്യം കൂടിയെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം 0-0ന് സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാംപാദം കുശാലാകും!
തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. വിങ്ങുകളിലൂടെ മുന്നേറ്റങ്ങളും ലോംഗ് റേഞ്ച് ഷോട്ടുകള്‍ക്കുള്ള ശ്രമങ്ങളും ഇരു ഭാഗത്ത് നിന്നു മൈതാനത്ത് കണ്ടു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ഹൈദരാബാദിനായിരുന്നെങ്കിലും(51 ശതമാനം) ടാർഗറ്റിലേക്ക് ഷോട്ടുകള്‍ പായിക്കുന്നതില്‍ എടികെ മോഹന്‍ ബഗാനായിരുന്നു കേമന്‍മാർ. കൊല്‍ക്കത്തന്‍ ടീം ഏഴ് ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോള്‍ ഹൈദരാബാദിന്‍റേത് മൂന്നില്‍ ഒതുങ്ങി. പാസിംഗിലും ഇരു ടീമുകളും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. മത്സരം ഗോള്‍രഹിതമായി പിരിഞ്ഞതോടെ 13-ാം തിയതി രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്കില്‍ നടക്കുന്ന രണ്ടാംപാദ അങ്കം ഇരു ടീമുകള്‍ക്കും വാശി കൂട്ടും.
കണ്ണുകള്‍ ബെംഗളൂരുവിലേക്കും
ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ ബെംഗളൂരു എഫ്‌സി എവേ മൈതാനത്ത് മുംബൈ സിറ്റി എഫ്സിയെ തോല്‍പ്പിച്ചിരുന്നു. എവേ ഗ്രൗണ്ടില്‍ സുനില്‍ ഛേത്രിയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ ജയം. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബംഗളൂരുവിന് നിര്‍ണായ ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഹെഡറിലൂടെ ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബംഗളൂരുവിന്‍റെ തുടര്‍ച്ചയായ പത്താം വിജയമായിരുന്നു ഇത്. ഞായറാഴ്ചയാണ് (മാര്‍ച്ച് 12) ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഒന്നാം സെമിയുടെ രണ്ടാംപാദ മത്സരം.
എറിഞ്ഞിട്ട് മുംബൈ ബൗളർമാർ; ഡല്‍ഹി ക്യാപിറ്റല്‍സ് 105ല്‍ പുറത്ത്