ഇനി അടിപൊട്ടാന്‍ പാടില്ല; ബെംഗളൂരുവിലേക്ക് തിരിക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്സ്

ടിക്കറ്റ് എടുക്കേണ്ടത് ഈ ഇടങ്ങളില്‍, ബിഎഫ്‍സി-കെബിഎഫ്‍സി ആരാധക തല്ല് ഒഴിവാക്കാന്‍ മഞ്ഞപ്പടയ്ക്ക് നിർദേശവുമായി ബ്ലാസ്റ്റേഴ്സ്

ISL 2022 23 Playoffs Kerala Blasters released note to all Manjappada fans travelling to Bengaluru jje

കൊച്ചി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന് മുമ്പ് മഞ്ഞപ്പട ആരാധകർക്ക് നിർദേശവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവർ നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്സിന്‍റെ ട്വീറ്റില്‍ പറയുന്നു. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോള്‍ ബെംഗളൂരുവില്‍ ആരാധകർ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 

അന്നത്തെ സംഭവങ്ങള്‍ ഐഎസ്എല്ലിന് നാണക്കേട്

ലീഗ് ഘട്ടത്തില്‍ ബെംഗളൂരുവില്‍ നടന്ന മത്സരത്തിനിടെ ബംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രകോപനത്തില്‍ തുടക്കമിട്ടത് മത്സരം കാണാനെത്തിയ ചില ബിഎഫ്‌സി ആരാധകരാണെന്ന് കണ്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകനും കൊച്ചി സ്വദേശിയുമായ ജെറിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് നേരെ കുപ്പിയെറിയുകയും തുപ്പുകയും അടക്കമുള്ള പരാതികള്‍ ഉയർന്നിരുന്നു. ആരാധക ഏറ്റുമുട്ടലിനെ അപലപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ടീമുകള്‍ പിന്നാലെ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. 

'മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകര്‍ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉള്‍പ്പടെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കും ഇരു ക്ലബ്ബുകളും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കും"- ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നോക്കൗട്ട് ഘട്ടത്തില്‍ ഇരു ടീമുകളും മുഖാമുഖം വരുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കാണികള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കാന്‍ തീരുമാനമായത്. 

ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം. വൈകിട്ട് ഏഴരയ്ക്ക് മത്സരം ആരംഭിക്കും. ഈ മത്സരത്തിലെ വിജയികൾ ലീഗിൽ ഒന്നാമതെത്തിയ മുംബൈ സിറ്റി എഫ്സിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിൽ നേരിടും. 

കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ആരാധക സംഘര്‍ഷം; നേതൃത്വം നല്‍കിയവര്‍ക്കുള്ള പണി വരുന്നുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios