തീപാറും! ഐഎസ്എല്‍ നോക്കൗട്ട് ചിത്രമായി; ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എതിരാളികള്‍
മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യ എലിമിനേറ്ററിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്സി അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പർ ലീഗ് ഒന്‍പതാം സീസണിന്‍റെ ആവേശം അവസാന ഘട്ടത്തിലേക്ക്. ഐഎസ്എല്ലിൽ നോക്കൗട്ട് ചിത്രം ഇന്നലത്തെ കൊല്‍ക്കത്തന്‍ ഡർബിയോടെ തെളിഞ്ഞു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യ എലിമിനേറ്ററിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്സി അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളാണ് ബ്ലാസ്റ്റേഴ്സ്. ബെംഗളൂരുവിന്‍റെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയികൾ ലീഗിൽ ഒന്നാമതെത്തിയ മുംബൈ സിറ്റി എഫ്സിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിൽ നേരിടും.
മാര്‍ച്ച് നാലിന് നടക്കുന്ന രണ്ടാം എലിമിനേറ്ററിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ എടികെ മോഹൻ ബഗാൻ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡിഷ എഫ്സിയെ നേരിടും. എടികെയുടെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയിയുടെ സെമി എതിരാളി നിലവിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സി ആയിരിക്കും. നിലവിലെ ചാമ്പ്യന്‍മാർ കൂടിയാണ് ഹൈദരാബാദ് ടീം. 20 കളികളില്‍ 46 പോയിന്‍റോടെ ലീഗ് ഷീല്‍ഡ് നേരത്തെതന്നെ മുംബൈ സിറ്റി സ്വന്തമാക്കിയപ്പോള്‍ രണ്ടാമതുള്ള ഹൈദരാബാദിന് ഒരു മത്സരം കുറവ് കളിച്ച് 39 പോയിന്‍റാണുള്ളത്.
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കൊൽക്കത്തൻ ഡര്‍ബിയിൽ എടികെ മോഹൻ ബഗാന്‍ ഗംഭീര ജയം സ്വന്തമാക്കി. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ തോൽപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും അറുപത്തിയെട്ടാം മിനിറ്റിൽ സ്ലാവ്കോ ദമയാനോവിച്ച്, തൊണ്ണൂറാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസ് എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ എടികെ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. 20 കളിയിൽ നിന്ന് 34 പോയിന്‍റാണ് എടികെയ്ക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 34 പോയിന്‍റാണ് നാലാമതുള്ള ബെംഗളൂരു എഫ്സിക്കുള്ളത്. അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന ലീഗ് മത്സരം ഹൈദരാബാദിനെതിരെ കളിക്കാനിരിക്കേ 31 പോയിന്‍റാണ് സമ്പാദ്യം.
സൗദിയിലും ഗോള്‍ നൃത്തമാടി സിആർ7; 26 മിനുറ്റിനിടെ ഹാട്രിക്, അല്‍ നസ്‍റിന് ജയം