ജീവന്‍മരണ പോരാട്ടത്തിന് സ്റ്റാർട്ടിംഗ് ഇലവന്‍ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; ബെംഗളൂരു മഞ്ഞക്കടല്‍
ബംഗളൂരു എഫ്‍സി അവസാന എട്ട് കളിയിലും ജയിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മൂന്ന് കളിയില്‍ തോറ്റുമാണ് മുഖാമുഖം വരുന്നത്
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് അല്‍പസമയത്തിനകം ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങും. ബെംഗളൂരു എഫ്‍സിക്കെതിരായ നോക്കൗട്ട് മത്സരത്തിന് ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരത്തിന് കിക്കോഫാകും. ഇന്ന് തോറ്റാല്‍ മഞ്ഞപ്പടയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടേയും ആരാധകർ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.
സഹല്‍ പകരക്കാരുടെ ബഞ്ചില്‍
ഗോള്‍ബാറിന് കീഴെ പ്രഭ്‍സുഖന്‍ ഗില്‍ വല കാക്കുമ്പോള്‍ നിഷു കുമാർ, വിക്ടർ മോംഗില്‍, മാർക്കോ ലെസ്കോവിച്ച്, ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ, ജീക്സണ്‍ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. സഹല്‍ അബ്ദുള്‍ സമദ്, അപ്പോസ്തലോസ് ജിയാന്നു, ഹോർമിപാം, കരണ്‍ജിത് സിംഗ്, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, ഹർമന്‍ജ്യോത് സിംഗ് ഖബ്ര, സൗരവ് മണ്ടല്‍, ബിദ്യസാഗർ സിംഗ് എന്നിവരാണ് പകരക്കാരുടെ നിരയില്‍.
ആശങ്കകളേറെ...
ബംഗളൂരു എഫ്‍സി അവസാന എട്ട് കളിയിലും ജയിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മൂന്ന് കളിയില്‍ തോറ്റുമാണ് മുഖാമുഖം വരുന്നത്. എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളികളിലും തോറ്റത് ബ്ലാസ്റ്റേഴ്സിന് ആശങ്കയാണ്. സസ്‌പെന്‍ഷനിലായ ഇവാന്‍ കലിയൂഷ്‌നി ഇന്ന് കളിക്കുന്നില്ല. പ്രതിരോധനിര പഴുതുകള്‍ അടയ്ക്കുകയും മധ്യനിര സ്‌ട്രൈക്കര്‍ ദിമിത്രോസ് ഡയമന്‍റക്കോസിന് ഗോളവസരം ഒരുക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. അഴകുള്ള കളി പ്രതീക്ഷിക്കേണ്ടെന്നും ജയിക്കാനായി എന്തും ചെയ്യുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നയം വ്യക്തമാക്കിക്കഴിഞ്ഞു.