ഹൈദരാബാദ് ഭയക്കണം; കൊച്ചിയില്‍ ശക്തമായ ഇലവനെന്ന് വുകോമനോവിച്ച്, മുന്നറിയിപ്പ്- വീഡിയോ
അവസാന ലീഗ് മത്സരത്തിൽ കൊച്ചിയിൽ ഹൈദരാബാദിനെ നേരിടുമ്പോൾ കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ മനസിലുള്ളത് എന്തൊക്കെയാണ്
കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അവസാന ഹോം മത്സരം കളിക്കാനിരിക്കേ മനസുതുറന്ന് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്. ഹോം ഗ്രൗണ്ടിലെ വിജയക്കുതിപ്പ് തുടരാനാവുമെന്നും ആത്മവിശ്വാസത്തോടെ പ്ലേ ഓഫിലേക്ക് കടക്കാനാണ് ശ്രമമെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. പ്ലേ ഓഫ് മത്സരക്രമം പുറത്തുവന്നതോടെ ഇന്നത്തെ മത്സരഫലം പ്രസക്തമല്ലെങ്കിലും ഏറ്റവും മികച്ച ഇലവനെ ഇന്ന് കളത്തിൽ ഇറക്കുമെന്നും വുകോമനോവിച്ച് പറഞ്ഞു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്‍റെ ആവേശം ഇവാന്‍ മറച്ചുവെച്ചില്ല.
ജയിച്ച്, പൂര്‍ണ സജ്ജരായി, ആത്മവിശ്വാസത്തോടെ പ്ലേ ഓഫിൽ കളിക്കണം... അവസാന ലീഗ് മത്സരത്തിൽ കൊച്ചിയിൽ ഹൈദരാബാദിനെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ മനസിലുള്ളത് ഇതാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുമ്പോൾ ആവേശം ഇരട്ടിക്കുമെന്നും വുകോമനോവിച്ച് പറയുന്നു. 'പ്ലേ ഓഫ് സ്വന്തം ഗ്രൗണ്ടിൽ തന്നെ കളിക്കണമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എവിടെയായാലും മികച്ച പ്രകടനം നടത്തണം. ചില വ്യക്തിഗത പിഴവുകളാണ് ചില മത്സരങ്ങളിലെ തോൽവിക്ക് കാരണമായത്. അതെല്ലാം തിരുത്തി മുന്നോട്ട് പോകും' എന്നും സൂപ്പർ താരം അഡ്രിയാൻ ലൂണ ഹൈദരാബാദിന് എതിരായ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്സി പോരാട്ടം. ഒരു മത്സരത്തിലെ വിലക്കിന് ശേഷം അഡ്രിയാൻ ലൂണയും പരിക്ക് ഭേദമായി പ്രതിരോധ താരം മാര്‍കോ ലെസ്കോവിച്ചും തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം കൂട്ടും. എന്നാൽ കഴിഞ്ഞ കളിയിൽ റെഡ് കാര്‍ഡ് വാങ്ങിയ മലയാളി താരം കെ പി രാഹുലിന് ഇന്ന് കളിക്കാനാവില്ല. സീസണില്‍ ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോർഡ് ബ്ലാസ്റ്റേഴ്സിന് കരുത്താണ്. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഹൈദരാബാദിന് ആശങ്കകളില്ലാതെ കളിക്കാവുന്ന മത്സരമാണ് ഇന്നത്തേത്. മാർച്ച് മൂന്നിന് നടക്കുന്ന നോക്കൗട്ട് റൗണ്ട് മത്സരത്തില്‍ ബെംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍.
തീപാറും! ഐഎസ്എല്‍ നോക്കൗട്ട് ചിത്രമായി; ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എതിരാളികള്‍