മെച്ചപ്പെടാനുണ്ടെന്ന് അറിയാം, തോൽവിയെ പോസിറ്റീവായി കാണുന്നു: ഇവാൻ വുകോമനോവിച്ച്

ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദരാക്കി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എടികെയോട് തോറ്റത്

ISL 2022 23 Kerala Blasters coach Ivan Vukomanovic reaction after lose to ATK Mohun Bagan

കൊച്ചി: ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോയില്‍ എടികെ മോഹൻ ബഗാനെതിരെ തോൽവി വഴങ്ങിയത് പോസിറ്റീവായാണ് കാണുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. പല കാര്യങ്ങളിലും ടീം മെച്ചപ്പെടാനുണ്ടെന്ന ബോധ്യത്തിലാണ് കളിക്കുന്നതെന്നും കോച്ച് പറഞ്ഞു.

ആർത്തിരമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദരാക്കി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എടികെയോട് തോറ്റത്. പ്രതിരോധത്തിലെ പാളിച്ചകൾ വെളിപ്പെടുത്തുന്നതായിരുന്നു ഓരോ ഗോളുകളും. പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകാനായിരിക്കും ശ്രമമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഏതൊക്കെ കാര്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടതെന്ന് ധാരണയുണ്ടെന്നും കോച്ച് വ്യക്തമാക്കി. അടുത്ത മത്സരങ്ങളിൽ മികവിലേക്ക് ഉയരാനാകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷയെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഈ മാസം 23ന് ഒഡിഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.

കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആരവത്തെ മറികടന്ന് എടികെ മോഹൻ ബഗാൻ രണ്ടിനെതിരെ അഞ്ച് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തുകയായിരുന്നു. കലിയൂഷ്‌നിയിലൂടെ ആറാം മിനുറ്റില്‍ മുന്നിലെത്തിയ ശേഷമായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ആദ്യപകുതിയിൽ തന്നെ എടികെ മോഹൻ ബഗാൻ 2-1ന് മുന്നിലെത്തിയിരുന്നു. 26-ാം മിനുറ്റില്‍ ദിമിത്രി പെട്രോറ്റസും 38-ാം മിനുറ്റില്‍ ജോണി കൗക്കോയും വല ചലിപ്പിച്ചു. അറുപത്തിരണ്ടാം മിനിറ്റിൽ പെട്രറ്റോസ് വീണ്ടും ലക്ഷ്യം കണ്ടു. 81-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി കെ പി രാഹുല്‍ വല ചലിപ്പിച്ചെങ്കിലും ലെന്നി റോഡ്രിഗസ് 88-ാം മിനുറ്റില്‍ അടുത്ത മറുപടി മഞ്ഞപ്പടയ്ക്ക് നല്‍കി.

ഇഞ്ചുറിടൈമിലും(90+2) വലകുലുക്കി പെട്രോറ്റോസ് ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിരാശരായി മടങ്ങി. ബ്ലാസ്റ്റേഴ്‌സിനെതിരായ നേര്‍ക്കുനേര്‍ പോരില്‍ ലീഡ് നിലനിര്‍ത്താനും എടികെ മോഹന്‍ ബഗാനായി. 

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിക്കാൻ കഴിഞ്ഞതിൽ സന്തോഷം: ആഷിഖ് കുരുണിയൻ

Latest Videos
Follow Us:
Download App:
  • android
  • ios