ഇവാന്‍റേത് ധീരമായ തീരുമാനം; പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍ താരം അല്‍വാരോ വാസ്‌ക്വെസ്, റഫറീയിങ്ങിന് വിമർശനം
ഇനിയെങ്കിലും കൂടുതല്‍ നീതിയും തുല്യതയുമുള്ള മത്സരങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും വാസ്‌ക്വെസ്
ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്‍റെ തീരുമാനത്തെ പ്രശംസിച്ച് എഫ്‍സി ഗോവ സൂപ്പർ താരം ആല്‍വാരോ വാസ്‌ക്വെസ്. 'ഒരു മത്സരം ഇങ്ങനെ അവസാനിച്ചത് നാണക്കേടാണ്. എന്നാല്‍ കോച്ച് ഇവാന്‍റെയും ക്ലബിന്‍റേയും തീരുമാനം ധീരമായിരുന്നു. ഇനിയുള്ള കളികളില്‍ എങ്കിലും കൂടുതല്‍ നീതിയും തുല്യതയുമുള്ള മത്സരങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം' എന്നുമാണ് മോശം റഫറീയിങ്ങനെ പരോക്ഷമായി വിമർശിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വാസ്‌ക്വെസ് കുറിച്ചത്.
ഐഎസ്എല്ലിലെ റഫറീയിങ്ങനെ കുറിച്ച് കാലങ്ങളായി അപവാദം നിലനില്‍ക്കേയാണ് ഇവാന്‍ വുകോമനോവിച്ചിന്‍റെ തീരുമാനത്തെ ധീരം എന്ന് വിശേഷിപ്പിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍ താരം കൂടിയായ ആല്‍വാരോ വാസ്‌ക്വെസ് രംഗത്തെത്തിയത്. നിലവില്‍ എഫ്സി ഗോവയുടെ സ്‍ട്രൈക്കറായ വാസ്‌ക്വെസ് 2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ സ്പാനിഷ് സ്ട്രൈക്കർ 23 കളികളില്‍ എട്ട് ഗോളുകളും രണ്ട് അസിസ്റ്റും നേടിയിരുന്നു. വാസ്‌ക്വെസ് 2021 ഓഗസ്റ്റ് 30നാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറിലെത്തിയത്. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറി. മെയ് 2022 വരെ താരം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്നു. ശേഷം ജൂണ്‍ 24ന് എഫ്സി ഗോവയുമായി ആല്‍വാരോ വാസ്‌ക്വെസ് രണ്ട് വർഷത്തെ കരാറില്‍ ഒപ്പിടുകയായിരുന്നു. വാസ്‌ക്വെസിനെ റാഞ്ചാന്‍ മറ്റു ഐഎസ്എല്‍ ക്ലബുകളായ ചെന്നൈയിന്‍ എഫ്‌സിയും എടികെ മോഹന്‍ ബഗാനും ശ്രമിച്ചിരുന്നു.
ലാ ലീഗയിലും പ്രീമിയര്‍ ലീഗിലും കളിച്ച പരിചയമുള്ള മുപ്പത്തിയൊന്നുകാരനായ ആല്‍വാരോ വാസ്‌ക്വെസാണ് ഐഎസ്എല്ലിലെ മോശം റഫറീയിങ്ങനെ വിമർശിക്കുന്നത്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച വാസ്‌ക്വെസ് സ്വാന്‍സീ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാന്‍യോള്‍, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും കളിച്ചു.