ഐഎസ്എല്‍ ഫൈനല്‍ ആവേശം; വലകുലുക്കി എടികെ, തിരിച്ചടിച്ച് ഛേത്രി
കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്ര പെട്രറ്റോസാണ് എടികെയെ മുന്നിലെത്തിച്ചത്
മഡ്‌ഗാവ്: ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ ആദ്യ പകുതി തുല്യം. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഇരു ടീമും 45 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഓരോ ഗോള്‍ വീതം അടിച്ചു. ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു എന്ന പ്രത്യേകതയുണ്ട്. ആദ്യം എടികെ മോഹന്‍ ബഗാനായിരുന്നു മുന്നിലെത്തിയത്. ബിഎഫ്‌സിയുടെ സമനില ഗോള്‍ ഇഞ്ചുറിടൈമില്‍ പിറന്നതോടെ ആദ്യപകുതി ആവേശത്തോടെ പിരിഞ്ഞു.
കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രിക്ക് ഒരിഞ്ചുപോലും കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ദിമിത്രിയുടെ മിന്നല്‍ കിക്ക് ഗുര്‍പ്രീതിന് തടുക്കാനാവാതെവന്നു. ഇഞ്ചുറിസമയത്താണ്(45+) ബെംഗളൂരു എഫ്‌സിയുടെ സമനില ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ശുഭാശിഷ്, കൃഷ്‌ണയെ ഫൗള്‍ ചെയ്‌തതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. ബിഎഫ്‌സിക്ക് പെനാല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്ത സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരം തുടങ്ങി നാലാം മിനുറ്റില്‍ ശിവശക്തി നാരായണന് പകരക്കാരനായാണ് സുനില്‍ ഛേത്രി മൈതാനത്തെത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ചരിത്രത്തില്‍ എടികെ മോഹന്‍ ബഗാനെ കാത്തിരിക്കുന്നത് നാലാം കിരീടമാണ്. രണ്ടാം കിരീടമാണ് സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്‌സി ലക്ഷ്യമിടുന്നത്. സെമിഫൈനലിൽ ഷൂട്ടൗട്ട് കടമ്പ അതിജീവിച്ചാണ് ഇരു ടീമിന്‍റെയും ഫൈനൽ പ്രവേശം. ബെംഗളൂരു ഷൂട്ടൗട്ടിൽ ലീഗ് ഷീൽഡ് ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ മറികടന്നപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ കീഴടക്കിയാണ് എടികെ ബഗാൻ കലാശപ്പോരിന് എത്തിയത്. ആദ്യപകുതി ഇരു ടീമുകളും ഗോള്‍ നേടിയതോടെ ആവേശമായി.
ഐഎസ്എല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, രണ്ടാം കിരീടം തേടി ബെംഗളൂരു; നാലാം കിരീടത്തിനായി എടികെ