ബ്ലാസ്റ്റേഴ്സിന് എതിരായ വിവാദ ഗോള്‍; സുനില്‍ ഛേത്രിക്കും ഭാര്യക്കും നേരെ സൈബർ ആക്രമണം, മലയാളത്തില്‍ അസഭ്യവർഷം
കടുത്ത ഭാഷയിലുള്ള അസഭ്യവർഷമാണ് ചിത്രത്തിന് താഴെ നടക്കുന്നത്. ഛേത്രി ഇന്ത്യന്‍ ഫുട്ബോളിന് അപമാനമാണ് എന്നും കമന്‍റുകള്‍.
ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിക്ക് നേരെ സൈബർ ആക്രമണം. വാലന്‍റൈന്‍സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഛേത്രി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരു വിഭാഗം ആരാധകരുടെ സൈബർ അറ്റാക്ക്. മലയാളത്തിലുള്ള നിരവധി കമന്‍റുകള്‍ ഇന്നലത്തെ നോക്കൗട്ട് മത്സരത്തിന് ശേഷം ഛേത്രിയുടെ ചിത്രത്തിന് വന്നിട്ടുണ്ട്. കടുത്ത ഭാഷയിലുള്ള അസഭ്യവർഷമാണ് ചിത്രത്തിന് താഴെ നടക്കുന്നത്. ഛേത്രി ഇന്ത്യന്‍ ഫുട്ബോളിന് അപമാനമാണ് എന്നും കമന്‍റുകളുണ്ട്.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തിലാണ് സുനില്‍ ഛേത്രിയുടെ ഫീകിക്ക് ഗോള്‍ വന്‍ വിവാദത്തിന് വഴിതുറന്നത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിയും താരങ്ങളും തയ്യാറെടുക്കും മുമ്പ് ക്വിക്ക് ഫ്രീകിക്ക് എടുക്കുകയായിരുന്നു ഛേത്രി. ഈസമയം റഫറി സമീപത്തുണ്ടായിരുന്നു. പ്രതിരോധക്കോട്ട കെട്ടാനുള്ള സമയംപോലും തരാതെയാണ് ഛേത്രി ഗോളടിച്ചത് എന്നും റഫറി ഇത് നോക്കി നിന്നു എന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. സൈഡ് ലൈനില്‍ നില്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സഹപരിശീലകന്‍ ഇഷ്‍ഫാഖ് അഹമ്മദും ലൈന്‍ റഫറിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ താരങ്ങളോടെ മടങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു ഇവാന്‍. മത്സരം പാതിവഴിയില്‍ തടസപ്പെട്ടപ്പോള്‍ ബെംഗളൂരു താരങ്ങളും ഛേത്രിയും ഇത് ഗോളാണ് എന്നതില്‍ ഉറച്ചുനിന്നു. വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലക സംഘവും ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി ദീർഘനേരം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷം ബെംഗളൂരു എഫ്സിയെ 1-0ന് വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബിഎഫ്സി, മുംബൈ സിറ്റി എഫ്സിക്കെതിരായ സെമി ഫൈനലിന് യോഗ്യത നേടി.
'അഭിമാനം, കപ്പ് അടിച്ചാൽ പോലും ഇത്ര ഫീൽ കിട്ടില്ല'; വുകോമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പട ആരാധകർ