ഐഎസ്എല്‍: എടികെയെ വീഴ്ത്തി ചെന്നൈയിന്‍
ആദ്യ പകുതിപോലെ തന്നെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും. എടികെ ആധിപത്യം തുടര്‍ന്ന രണ്ടാം പകുതിയില്‍ അപ്രതീക്ഷിതമായാണ് ചെന്നൈ സമനില ഗോള്‍ കണ്ടെത്തയത്. 61ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ചെന്നൈയിന്‍ ആദ്യ അവസരം തുറന്നെടുത്തു.
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന് തോല്‍വിയോടെ തുടക്കം. ചെന്നൈയിന്‍ എഫ് സിയാണ് എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് നേടിയ ഗോളില്‍ മുന്നിലെത്തിയ എടികെയെ രണ്ടാം പകുതിയില്‍ കരികരിയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി ചെന്നൈയിന്‍ സമനില പിടിച്ചു. 83ാം മിനിറ്റില്‍ കരികരിയുടെ പാസില്‍ നിന്ന് റഹീം അലി നേടിയ ഗോളിലൂടെ ചെന്നൈയിന്‍ വിജയം ഉറപ്പിച്ചു.
ഹോം ഗ്രൗണ്ടില്‍ ആദ്യ പോരിനിറങ്ങിയ എടികെ ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നു. നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരു ഗോള്‍ മാത്രം വഴങ്ങി ചെന്നൈ പിടിച്ചു നിന്നു. ലഭിച്ച അവസരങ്ങളുടെ കണക്കെടുത്താല്‍ ആദ്യ പകുതിയില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലേത്തേണ്ടതായിരുന്നു എടികെ. കളിയുടെ തുടക്കം മുതല്‍ നിരന്തര ആക്രമണങ്ങളുമായി എടികെ ചെന്നൈ പ്രതിരോധത്തെ വിറപ്പിച്ചു. ഒടുവില്‍ 27 ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് കൊല്‍ക്കത്തക്ക് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്.
ആദ്യ പകുതിപോലെ തന്നെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും. എടികെ ആധിപത്യം തുടര്‍ന്ന രണ്ടാം പകുതിയില്‍ അപ്രതീക്ഷിതമായാണ് ചെന്നൈ സമനില ഗോള്‍ കണ്ടെത്തയത്. 61ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ചെന്നൈയിന്‍ ആദ്യ അവസരം തുറന്നെടുത്തു. തൊട്ടുപിന്നാലെ ക്വാമെ കരികരിയെ വിശാല്‍ കെയ്ത് ബോക്സില്‍ വീഴ്ത്തിയതിന് ചെന്നൈക്ക് ൻ അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത കരികരിക്ക് പിഴച്ചില്ല. 62-ാം മിനിറ്റില്‍ ചെന്നൈയിന്‍ സമനില പിടിച്ചു.
സമനില ഗോള്‍ കണ്ടെത്തിയതോടെ ചെന്നൈയിന്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച വന്നു. തുടര്‍ച്ചയായി ആക്രമിച്ച ചെന്നൈയെ തടുത്തു നിര്‍ത്തുക മാത്രമായി പിന്നീട് എടികെയുടെ ജോലി. എന്നാല്‍ 83-ം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കരികരിയുടെ പാസില്‍ നിന്ന് റഹീം അലി ചെന്നൈയെ മുന്നിലെത്തിച്ചു. സമനില ഗോളിനായി എടികെ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാന നിമിഷങ്ങളില്‍ ചെന്നൈ പ്രതിരോധം പിടിച്ചു നിന്നതോടെ വിലപ്പെട്ട മൂന്ന് പോയന്‍റുമായി ചെന്നൈയിന്‍ എഫ് സി സീസണ് വിജയത്തുടക്കമിട്ടു.