രാജകീയ തിരിച്ചുവരവ്, രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം ആറടി! ചെന്നൈയിനെ ഗോളില്‍ മുക്കി മുംബൈ
സ്വന്തം കാണികള്‍ക്ക് മുന്നില്‍ 32 മിനുറ്റുകള്‍ക്കിടെ ചെന്നൈയിന്‍ എഫ്‌സി രണ്ട് ഗോളിന്‍റെ ലീഡ് നേടിയാണ് മത്സരത്തിന്‍റെ ആദ്യ മിനുറ്റുകള്‍ കഴിഞ്ഞുപോയത്
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ഗോള്‍മഴയില്‍ മുക്കി മുംബൈ സിറ്റി എഫ്‌സിയുടെ മറീനാ ആഘോഷം. ആക്രമണ ഫുട്ബോളിന്‍റെ സൗന്ദര്യം കണ്ട മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് മുംബൈ ടീമിന്‍റെ വിജയം. പേരേര ഡയസും ഗ്രെഗ് സ്റ്റുവര്‍ട്ടുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ മുംബൈക്കായി വല ചലിപ്പിച്ചു. സീസണിലെ ആറ് കളിയില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈ സിറ്റി 12 പോയിന്‍റോടെ രണ്ടാംസ്ഥാനത്തുണ്ട്. അതേസമയം ഏഴ് പോയിന്‍റുമായി ചെന്നൈയിന്‍ ആറാമതാണ്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ 32 മിനുറ്റുകള്‍ക്കിടെ ചെന്നൈയിന്‍ എഫ്‌സി രണ്ട് ഗോളിന്‍റെ ലീഡ് നേടിയാണ് മത്സരത്തിന്‍റെ ആദ്യ മിനുറ്റുകള്‍ കഴിഞ്ഞുപോയത്. 19-ാം മിനുറ്റില്‍ പീറ്റര്‍ സില്‍സ്‌കോവിച്ചും 32-ാം മിനുറ്റില്‍ അബ്‌ദ്‌നാസ്സെര്‍ എല്‍ ഖായിത്തിയും ചെന്നൈയിനായി ലക്ഷ്യംകണ്ടു. എന്നാല്‍ ഒരു മിനുറ്റിനുള്ളില്‍ പേരേര ഡയസിലൂടെ ആദ്യ മറുപടി കൊടുത്ത മുംബൈ സിറ്റി ആദ്യപകുതിക്ക് പിരിയും മുമ്പ് 2-2ന് തുല്യ പിടിച്ചു. 45+3 മിനുറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് മുംബൈ സിറ്റിയെ ഒപ്പമെത്തിച്ചത്. രണ്ടാംപകുതി ആരംഭിച്ച് 49-ാം മിനുറ്റില്‍ വിനീത് റായിയും 60-ാം മിനുറ്റില്‍ വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തിയും 65-ാം മിനുറ്റില്‍ അര്‍ബര്‍ട്ടോ നെഗ്വേരയും മുംബൈക്കായി ലക്ഷ്യം കണ്ടു. നാല് മിനുറ്റ് അധികസമയത്ത് പന്ത് വലയിലെത്തിച്ച് വിപിന്‍ സിംഗ് മുംബൈയുടെ ആറാം ഗോള്‍ തികയ്ക്കുകയായിരുന്നു. സ്റ്റുവര്‍ട്ടാണ് കളിയിലെ മികച്ച താരം.
നാളെ സൂപ്പര്‍ സണ്‍ഡേ
ഐഎസ്എൽ ഒന്‍പതാം സീസണില്‍ നാളെ കൊച്ചി മഞ്ഞക്കടലാവുന്ന ദിനമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ഹോം മത്സരത്തിൽ എഫ്‌സി ഗോവയാണ് എതിരാളികള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഞായറാഴ്‌ച ഇറങ്ങുക. കഴിഞ്ഞ രണ്ട് ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ടീം തോറ്റിരുന്നു. നാളെ ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉയരാം.
ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിലിറങ്ങും, എതിരാളികള്‍ എഫ്‌സി ഗോവ; ഗോള്‍ നേടിയതിന്‍റെ ആവേശത്തില്‍ സഹല്‍