ആവേശപ്പകുതി; ഗോള്‍രഹിതമായി ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും
ഡയമന്‍റക്കോസിനെയും ബെംഗളൂരുവില്‍ നിന്ന് അടുത്തിടെ സ്വന്തമാക്കിയ ഡാനിഷ് ഫാറൂഖിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്
ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ആവേശം വിതറി ബെംഗളൂരു എഫ്‍സി-കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതി. നീലപ്പടയും മഞ്ഞപ്പടയും മുഖാമുഖം വന്ന മത്സരത്തില്‍ എന്നാല്‍ ഇരു ടീമിനും 45 മിനുറ്റുകളിലും ഇഞ്ചുറിസമയത്തും ഗോള്‍ നേടാനായില്ല. ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ടാർഗറ്റിലേക്ക് പന്ത് പായിക്കുന്നതില്‍ പിഴച്ചു. ആക്രമണത്തില്‍ മുന്നില്‍ ബിഎഫ്‍സിയായിരുന്നു.
കിക്കോഫായി അഞ്ച് മിനുറ്റിനിടെ തന്നെ സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്സിക്ക് രണ്ട് ഫ്രീകിക്കുകള്‍ കിട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് വലയെ ഭേദിച്ചില്ല. ഇതിന് ശേഷം ഇരു ടീമുകളും ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായിരില്ല. 32-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കോർണർ എടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നേരിയ വാക്പോരുണ്ടായിരുന്നു. ഈ കിക്കില്‍ നിന്ന് ഗോള്‍ നേടാന്‍ വിക്ടർ മോംഗിലിന് സാധ്യതയുണ്ടായിരുന്നെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെയും ബോക്സിലേക്ക് ടീമുകള്‍ പലകുറി എത്തിയെങ്കിലും ഗോള്‍കീപ്പർമാർക്ക് ഭീഷണി ഉയർത്താനായില്ല.
ലൈനപ്പ്
ഡയമന്‍റക്കോസിനെയും ബെംഗളൂരുവില്‍ നിന്ന് അടുത്തിടെ സ്വന്തമാക്കിയ ഡാനിഷ് ഫാറൂഖിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്. ഗോള്‍ബാറിന് കീഴെ പ്രഭ്‍സുഖന്‍ ഗില്‍ വല കാക്കുമ്പോള്‍ നിഷു കുമാർ, വിക്ടർ മോംഗില്‍, മാർക്കോ ലെസ്കോവിച്ച്, ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ, ജീക്സണ്‍ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. സഹല്‍ അബ്ദുള്‍ സമദ്, അപ്പോസ്തലോസ് ജിയാന്നു, ഹോർമിപാം, കരണ്‍ജിത് സിംഗ്, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, ഹർമന്‍ജ്യോത് സിംഗ് ഖബ്ര, സൗരവ് മണ്ടല്‍, ബിദ്യസാഗർ സിംഗ് എന്നിവരാണ് പകരക്കാരുടെ നിരയില്‍.
അതേസമയം 3-5-2 ശൈലിയിലായിരുന്നു ബെംഗളൂരു എഫ്‍സി കളത്തിലെത്തിയത്. ഇന്ന് ജയിക്കുന്നവർ സെമി ഫൈനലില്‍ മുംബൈ സിറ്റി എഫ്‍സിയെയാണ് നേരിടേണ്ടത്.
ജീവന്‍മരണ പോരാട്ടത്തിന് സ്റ്റാർട്ടിംഗ് ഇലവന്‍ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; ബെംഗളൂരു മഞ്ഞക്കടല്‍