ഐഎസ്എല്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ബെഗളൂരുവിനോട് കടം വീട്ടാനുറച്ച് മുംബൈ
സീസണിൽ മുംബൈ 54 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 22 ഗോൾ. ഹോർജെ പെരേര ഡിയാസ്, ബിപിൻ സിംഗ്, ലാലിയൻസുവാല ചാംഗ്തേ, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുടെ മികവിലേക്കാണ് മുംബൈ ഉറ്റുനോക്കുന്നത്.
ബെംഗളൂരു: ഐ എസ് എല്ലിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ബെംഗളൂരു എഫ് സി രണ്ടാംപാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനിൽ ഛേത്രി ആദ്യപാദത്തിൽ നേടിയ ഗോളിന്‍റെ ലീഡുമായാണ് ബെംഗളുരു എഫ് സി ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്നത്.
സ്വന്തം കാണികൾക്ക് മുന്നിൽ സമനില പിടിച്ചാലും ബെംഗളുരുവിന് ഫൈനലിലെത്താം. ഒരുഗോൾ കടം മറികടന്നുള്ള വിജയമേ മുംബൈ സിറ്റിയെ രക്ഷിക്കൂ. തോൽവി അറിയാതെ മുന്നേറി ലീഗ് ഷീൽഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയിൽ ഉൾപ്പടെ അവസാന മൂന്ന് കളിയിലും അടി തെറ്റി. ഇതിൽ രണ്ടും ബെംഗളൂരു എഫ്സിക്കെതിരെ ആയിരുന്നു എന്നതാണ് മുംബൈയുടെ ആശങ്ക.
സീസണിൽ മുംബൈ 54 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 22 ഗോൾ. ഹോർജെ പെരേര ഡിയാസ്, ബിപിൻ സിംഗ്, ലാലിയൻസുവാല ചാംഗ്തേ, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുടെ മികവിലേക്കാണ് മുംബൈ ഉറ്റുനോക്കുന്നത്. അവസാന പത്ത് കളിയും ജയിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ബെംഗളൂരുവിന് റോയ് കൃഷ്ണ, യാവി ഹെർണാണ്ടസ്, സുനിൽ ഛേത്രി എന്നിവരുടെ പ്രകടനമാവും കരുത്താകുക. കളിക്കാര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല എന്നത് ഇരു ടീമുകള്‍ക്കും ആശ്വാസകരമാണ്.
ഇരുടീമും 13 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈയും ബെംഗളൂരുവും ആറ് കളിവീതം ജയിച്ച് ഒപ്പത്തിനൊപ്പം. ഒറ്റകളി മാത്രമേ സമനിലയിൽ അവസാനിച്ചിട്ടുള്ളൂ.
ബെംഗളൂരു എഫ് സി സാധ്യതാ ഇലവന്‍: Gurpreet Singh Sandhu, Sandesh Jhingan, Aleksandar Jovanovic, Prabir Das, Rohit Kumar, Suresh Wangjam, Naorem Roshan Singh, Javi Hernandez, Bruno Ramires, Roy Krishna, Sivasakthi Narayanan.
മുംബൈ സിറ്റി എഫ് സി സാധ്യതാ ഇലവന്‍: Phurba Lachenpa, Sanjeev Stallin, Mourtada Fall, Mehtab Singh, Vignesh Dakshinamurthy, Apuia, Greg Stewart, Ahmed Jahouh, Jorge Pereyra Diaz, Lallianzuala Chhangte, Bipin Singh.