ഐഎസ്എല്‍; ബെംഗലൂരുവിന്‍റെ മൂന്നടിയില്‍ ഗോവ വീണു, പ്ലേ ഓഫ് കാണാതെ പുറത്ത്
രണ്ടാം പകുതിയില്‍ 76-ാം മിനിറ്റില്‍ ശിവശക്തി കാര്‍ത്തികേയന്‍ തന്നെയാണ് ബെംഗലൂരുവിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ റീബൗണ്ടില്‍ ശിവശക്തി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോവ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ബെംഗലൂരു: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ ബെംഗലൂരു എഫ് സിയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റ എഫ് സി ഗോവ പ്ലേ ഓഫ് കാണാതെ പുറത്തായി. പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ആറാം മിനിറ്റില്‍ ശിവശക്തി നാരായണനിലൂടെ ബെംഗലൂരുവാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 33-ാം മിനിറ്റില്‍ ഐകര്‍ ഗുറോട്ക്സേനയിലൂടെ ഗോള്‍ മടക്കി ഗോവ സമനില പിടിച്ചു. ആവേശപ്പോരാട്ടത്തില്‍ ഗോവ ആധിപത്യം നേടുന്നതിനിടെ അപ്രതീക്ഷിതമായി ബെംഗലൂരു ലീഡെടുത്തു.
രണ്ടാം പകുതിയില്‍ 76-ാം മിനിറ്റില്‍ ശിവശക്തി കാര്‍ത്തികേയന്‍ തന്നെയാണ് ബെംഗലൂരുവിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ റീബൗണ്ടില്‍ ശിവശക്തി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോവ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗോവന്‍ താരങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിടയിലും റഫറി ഗോള്‍ നിഷേധിക്കാന്‍ തയാറായില്ല. അഞ്ച് മിനിറ്റിന് ശേഷം പാബ്ലോ പെരസ് ബെംഗലൂരുവിന്‍റെ ഗോള്‍ പട്ടിക തികച്ച് മൂന്നാം ഗോളും നേടിയതോടെ ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.
മത്സരത്തില്‍ 66 ശതമാനം പന്തടക്കവും 80 ശതമാനം പാസിംഗിലെ കൃത്യതയുമായി ആധിപത്യം പുലര്‍ത്തിയിട്ടും ഗോവക്ക് ജയം നേടാനായില്ല. ഗോവ തോറ്റതോടെ ആറാം സ്ഥാനക്കാരായി ഒഡീഷ എഫ് സി പ്ലേ ഓഫിലെത്തി. 20 കളികളില്‍ ഗോവക്ക് 27 പോയന്‍റും ഒഡീഷക്ക് 30 പോയന്‍റുമുണ്ട്. 19 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി 31 പോയന്‍റ് വീതമുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും എ ടി കെ മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ ജയത്തോടെ 34 പോയന്‍റുമായി ബെംഗലൂരു എഫ് സി മൂന്നാം സ്ഥാനത്തേക്ക് കയറി. 46 പോയന്‍റുള്ള മുംബൈ സിറ്റിയും 39 പോയന്‍റുള്ള ഹൈദരാബാദുമാണ് പ്ലേ ഓഫിലെത്തി മറ്റ് രണ്ട് ടീമുകള്‍. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫ് കളിക്കുക.